കോവിഡ് ബാധിച്ചു മരിച്ച ഡോക്ടറുടെ സംസ്‌കാരം തടഞ്ഞ നാട്ടുകാര്‍ ബന്ധുക്കളെ തല്ലിയോടിച്ചു

കോവിഡ് ബാധിച്ചു ചെന്നൈയില്‍ മരിച്ച ന്യൂറോ സര്‍ജന്‍ ഡോ. സൈമണ്‍ ഹെര്‍ക്കുലീസിന്റെ (55) മൃതദേഹം സംസ്‌കരിക്കുന്നത് ആള്‍ക്കൂട്ടം തടഞ്ഞു. വടിയും കല്ലും ഉപയോഗിച്ച് ബന്ധുക്കളെയും ആംബുലന്‍സ് ഡ്രൈവറെയും ആക്രമിച്ചു. ജനം പിരിഞ്ഞുപോയ ശേഷമാണ് അര്‍ധരാത്രി പൊലീസ് കാവലില്‍ മൃതദേഹം വീണ്ടുമെത്തിച്ച് സംസ്‌കരിച്ചത്. സഹപ്രവര്‍ത്തകന്‍ ഡോ. പ്രദീപും 2 പേരും ചേര്‍ന്നാണ് സംസ്‌കാരം നടത്തിയത്. 20 അക്രമികള്‍ക്കെതിരെ പൊലീസ് കേസെടുത്തു
കോവിഡ് രോഗിയെ പരിശോധിക്കുമ്പോഴാകണം, ചെന്നൈ ന്യൂ ഹോപ് ആശുപത്രി മാനേജിങ് ഡയറക്ടറായ ഡോ. സൈമണിനും മകള്‍ക്കും രണ്ടാഴ്ച മുന്‍പ് രോഗം പിടിപെട്ടു. ഭാര്യയും മകനും സഹപ്രവര്‍ത്തകരും മൃതദേഹവുമായി ചെന്നൈ കില്‍പോക് ടിബി ചത്രം ശ്മശാനത്തിലേക്കാണ് ആദ്യം പുറപ്പെട്ടത്. എന്നാല്‍ സംസ്‌കാരം നടത്തിയാല്‍ വൈറസ് പകരുമെന്നാരോപിച്ച് നൂറിലേറെപ്പേര്‍ പ്രതിഷേധിക്കുന്ന വിവരം ലഭിച്ചു. ഇതോടെ, വേലങ്ങാട് ശ്മശാനത്തിലേക്കു തിരിച്ചു.
അറുപതോളം പേര്‍, മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുക്കാന്‍ തുടങ്ങിയതിനു പിന്നാലെ വടിയും കല്ലുമായി പാഞ്ഞെത്തുകയായിരുന്നു. കല്ലേറില്‍ ആംബുലന്‍സ് ഡ്രൈവറുടെ തലപൊട്ടി. പിടിച്ചു നില്‍ക്കാനാകാതെ മൃതദേഹവുമായി തിരിച്ചുപോയി. പലരും ആക്രമണം ഭയന്നു പിന്മാറിയതോടെ ഡോ. പ്രദീപ് സുരക്ഷാ വസ്ത്രം ധരിച്ച് മൃതദേഹവുമായി ആംബുലന്‍സ് ഓടിക്കുകയായിരുന്നു.
അദ്ദേഹവും 2 സഹപ്രവര്‍ത്തകരും ചേര്‍ന്നാണു മൃതദേഹം മറവു ചെയ്തത്. സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഡോ.സൈമണിനു മാന്യമായ സംസ്‌കാരം പോലും നല്‍കാനാവാത്തതിന്റെ വേദനയിലാണു കുടുംബാംഗങ്ങളും സുഹൃത്തുക്കളും. മകളുടെ നില തൃപ്തികരം.
ഒരാഴ്ചയ്ക്കിടെ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്നത് പലവട്ടം നാട്ടുകാര്‍ തടഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























