കേന്ദ്രം ഇടപെട്ടതിനെ തുടര്‍ന്ന് വിമാനക്കമ്പനികള്‍ ടിക്കറ്റ് ബുക്കിങ് നിര്‍ത്തി

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശത്തിനു വഴങ്ങി മേയ് 4 മുതലുള്ള ആഭ്യന്തര, വിദേശ യാത്രാ ബുക്കിംഗ്, വിമാനക്കമ്പനികള്‍ നിര്‍ത്തിവച്ചു. ഇന്‍ഡിഗോ, വിസ്താര എന്നിവ മേയ്-31 വരെയുള്ള ബുക്കിങ് റദ്ദാക്കി. ജൂണ്‍ 1 മുതലുള്ള ടിക്കറ്റുകള്‍ ലഭ്യമാണെന്ന് ഇരു കമ്പനികളും അറിയിച്ചു. മേയ് 16 മുതല്‍ സ്‌പൈസ് ജെറ്റ്, ഗോ എയര്‍ ടിക്കറ്റുകള്‍ ലഭ്യമാക്കും. എയര്‍ ഇന്ത്യയും ബുക്കിങ് നിര്‍ത്തിവച്ചെങ്കിലും എന്നു പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടില്ല.
കമ്പനികള്‍ കഴിഞ്ഞ ദിവസം ബുക്കിങ് ആരംഭിച്ചത് മേയ് 4 മുതല്‍ കേരളമടക്കം ഏതാനും റൂട്ടുകളിലേക്കായിരുന്നു. മേയ് 3-ന് ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിനു പിന്നാലെ സര്‍വീസ് ആരംഭിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. വിമാനയാത്ര പുനരാരംഭിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കും മുന്‍പ് കമ്പനികള്‍ ബുക്കിങ് ആരംഭിച്ചതാണ് വ്യോമയാന മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടലിനു കാരണം. ബുക്കിങ് നിര്‍ത്തിവയ്ക്കാന്‍ മന്ത്രാലയവും വ്യോമയാന ഡയറക്ടറേറ്റ് ജനറലും (ഡിജിസിഎ) ഞായറാഴ്ച നിര്‍ദേശം നല്‍കിയെങ്കിലും ഇന്നലെ രാവിലെ 10 വരെ ഗോ എയര്‍ ബുക്കിങ് സ്വീകരിച്ചുവെന്ന് ആക്ഷേപമുണ്ട്.
അതേസമയം, മേയ് 4 മുതലുള്ള യാത്രകള്‍ക്കായി സ്വീകരിച്ച ബുക്കിങ്ങിന്റെ ടിക്കറ്റ് തുക തിരികെ നല്‍കുന്നതു സംബന്ധിച്ചു കമ്പനികള്‍ തീരുമാനമെടുത്തിട്ടില്ല. തുക നല്‍കുന്നതിനു കമ്പനികള്‍ എതിരാണ്. പകരം, മറ്റൊരു തീയതിയില്‍ യാത്ര അനുവദിക്കാമെന്നാണു വാദം.
കോവിഡ് നിയന്ത്രണവിധേയമായെന്നു സര്‍ക്കാരിനു ബോധ്യമായാലേ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കൂ. സര്‍ക്കാര്‍ നിര്‍ദേശം ചെവിക്കൊള്ളാതെ ബുക്കിങ് ആരംഭിച്ച കമ്പനികളോട് അതു നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബുക്കിങ് പുനരാരംഭിക്കാന്‍ ആവശ്യത്തിനു സമയം അനുവദിക്കാമെന്ന് കമ്പനികളെ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























