വായ്പ തിരിച്ചടവുകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച കാലയളവില്‍ പലിശയ്ക്കുമേല്‍ പലിശ ഈടാക്കുന്നതിന് യോഗ്യതയില്ലെന്ന് സുപ്രീംകോടതി

വായ്പ തിരിച്ചടവുകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച കാലയളവില്‍ പലിശയ്ക്കുമേല്‍ പലിശ ഈടാക്കുന്നതിന് യോഗ്യതയില്ലെന്ന് സുപ്രീംകോടതി വാക്കാല്‍ നിരീക്ഷിച്ചു. എല്ലാം ബാങ്കുകള്‍ക്ക് വിട്ടുകൊടുത്ത് മിണ്ടാതിരിക്കുന്നതിന് പകരം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ടതാണെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മൊറട്ടോറിയം പ്രഖ്യാപിച്ചാല്‍ അതിന്റെ ലക്ഷ്യം സാക്ഷാത്കരിക്കണം.
പലിശയ്ക്കുമേല്‍ പലിശ ഈടാക്കുന്നതില്‍ അര്‍ഥമില്ലെന്നും കോടതി പറഞ്ഞു. മൊറട്ടോറിയം കാലത്ത് പലിശ ഈടാക്കുന്നതിനെതിരേ ഗജേന്ദ്ര ശര്‍മ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.പലിശ പൂര്‍ണമായും ഒഴിവാക്കുന്നത് എളുപ്പമല്ലെന്ന് കേന്ദ്രത്തിനും റിസര്‍വ് ബാങ്കിനും വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.
ബാങ്കുകളില്‍ 133 ലക്ഷം കോടിയുടെ നിക്ഷേപമുണ്ട്. ബാങ്കുകള്‍ അതിന് പലിശ നല്‍കേണ്ടതുമാണ്. എന്നിരിക്കെ മൊറട്ടോറിയം കാലത്ത് വായ്പകള്‍ക്ക് പലിശ ഒഴിവാക്കുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും മേത്ത ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വിഷയം പുനഃപരിശോധിക്കാന്‍ കേന്ദ്രത്തോടും റിസര്‍വ് ബാങ്കിനോടും ആവശ്യപ്പെട്ടുകൊണ്ട് കേസ് ഓഗസ്റ്റ് ആദ്യവാരത്തിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha






















