പാസഞ്ചര്‍ ട്രെയിനുകള്‍ എക്സ്പ്രസ് ആക്കാനുള്ള റെയില്‍വേയുടെ തീരുമാനത്തിനെതിരേ പ്രതിഷേധം ശക്തം

പാസഞ്ചര്‍ ട്രെയിനുകളും മെമു, ഡെമു ട്രെയിനുകളും വേഗം കൂട്ടി എക്സ്പ്രസ് ട്രെയിനുകളാക്കാന്‍ റെയില്‍വേയുടെ നീക്കം. ദിവസേന 200 കിലോമീറ്ററിലേറെ സര്‍വീസ് നടത്തുന്ന ട്രെയിനുകളെ സംബന്ധിച്ചാണ് തൂീരുമാനം.
റെയില്‍വേയുടെ ഈ തീരുമാനത്തിനെതിരേ പ്രതിഷേധം ശക്തം. വേഗം കൂട്ടിയും സ്റ്റോപ്പുകള്‍ കുറച്ചും ലാഭം വര്‍ധിപ്പിക്കാനാണ് റെയില്‍വേയുടെ ലക്ഷ്യം. രാജ്യമൊട്ടാകെ 500-ല്‍ പരം ട്രെയിനുകളാണ് എക്സ്പ്രസ് സര്‍വീസാക്കുന്നത്. ചെറിയ സ്റ്റേഷനുകള്‍ തല്‍ക്കാലം വികസിപ്പിക്കേണ്ടതില്ലെന്നാണ് ഉന്നതതല തീരുമാനം. കോവിഡ് പ്രതിസന്ധിയുടെ മറവിലാണ് വെട്ടിനിരത്തല്‍ തീരുമാനം.
ദക്ഷിണ റെയില്‍വേ പരിധിയില്‍ എക്‌സ്പ്രസ്സ് ട്രെയിനുകളാക്കാന്‍ തീരുമാനിച്ചിരിക്കുന്ന 34 പാസഞ്ചര്‍ ട്രെയിനുകളില്‍ 10 എണ്ണവും കേരളത്തില്‍നിന്നുള്ളവയാണ്. രാജ്യമൊട്ടാകെ 502 പാസഞ്ചര്‍ ട്രെയിനുകള്‍ ഇല്ലാതാക്കാനാണു ധാരണ. സ്റ്റോപ്പുകള്‍ കുറയുന്നതോടെ യാത്രക്കാര്‍ വലയും. അടുത്തടുത്തു സ്റ്റേഷനുകളുള്ള കേരളത്തിന് ഇതു വലിയ തിരിച്ചടിയാകും.
പാസഞ്ചര്‍ ട്രെയിനുകള്‍ എക്സ്പ്രസ് ട്രെയിനുകളായാല്‍ റിസര്‍വേഷന്‍ നിരക്ക് ഇനത്തിലും വര്‍ധനയുണ്ടാകും. മംഗളൂരു- കോയമ്പത്തൂര്‍, മധുര-പുനലൂര്‍, തൃശൂര്‍-കണ്ണൂര്‍, പാലക്കാട്-തിരുച്ചെന്തൂര്‍, മംഗളൂരു-കോഴിക്കോട്, നിലമ്പൂര്‍-കോട്ടയം, നാഗര്‍കോവില്‍-കോട്ടയം, കോയമ്പത്തൂര്‍-കണ്ണൂര്‍, ഗുരുവായൂര്‍-പുനലൂര്‍, പാലക്കാട് ടൗണ്‍-തിരുച്ചിറപ്പിള്ളി എന്നീ പാസഞ്ചറുകള്‍ക്കാണ് ചുവപ്പുകൊടി കാട്ടുക. ഗുരുവായൂര്‍-പുനലൂര്‍ ട്രെയിന്‍ മധുരയിലേക്കു നീട്ടി എക്സ്പ്രസ് ആക്കാനാണ് ശ്രമം.
കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കാതെ ഇതിനാകില്ലെന്നാണ് തിരുവനന്തപുരം ഡിവിഷന്റെ നിലപാട്. പാസഞ്ചറില്‍ മിനിമം നിരക്കായ 10 രൂപയ്ക്ക് 45 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാനാകും. ഇത്തരത്തില്‍ സൗജന്യനിരക്കു തുടരാനാകില്ലെന്നാണ് റയില്‍വേ നിലപാട്.
https://www.facebook.com/Malayalivartha
























