രാജസ്ഥാനിലെ രാഷ്‌ട്രീയ പ്രതിസന്ധിക്കിടെ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് പിന്തുണ പ്രഖ്യാപിച്ച് പ്രാദേശിക പാര്‍ട്ടി

രാജസ്ഥാനിൽ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് പിന്തുണയുമായി പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ രംഗത്ത്. ഭാരതീയ ട്രെെബ്യൂണല്‍ പാര്‍ട്ടിയുടെ രണ്ട് എം.എല്‍.എമാരാണ് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് അശോക് ഗെലോട്ട് സമ്മതിച്ചതോടെയാണ് ഭാരതീയ ട്രെെബ്യൂണല്‍ പാര്‍ട്ടി കോണ്‍ഗ്രസിന് പിന്തുണയുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രി അശോക് ഗെലോട്ട് തന്നെയാണ് ഇക്കാര്യം തന്റെ ട്വീറ്റിലൂടെ അറിയിച്ചത്. നേരത്തെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുളള പിന്തുണ ഭാരതീയ ട്രെെബ്യൂണല്‍ പാര്‍ട്ടി പിന്‍വലിച്ചിരുന്നു.
സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയാണെങ്കില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് ഭാരതീയ ട്രെെബ്യൂണല്‍ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ വെലറാം ഗോഗ്ര നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലും ബി.ടി.പി കോണ്‍ഗ്രസിന് വോട്ട് ചെയ്തിരുന്നു. ചൊവ്വാഴ്ച ജയ്പൂര്‍ ഹോട്ടലില്‍ നടന്ന കോണ്‍ഗ്രസ് നിയമസഭാ പാര്‍ട്ടി യോഗത്തിലും രണ്ട് ബി.ടി.പി എം.എല്‍.എമാരും സന്നിഹിതരായിരുന്നു.
നൂറിലധികം എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അവകാശവാദം. 2018ല്‍ തന്നെ സച്ചിന്‍ പെെലറ്റ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് ഗെലോട്ടിന്റെ ആരോപണം. അതേസമയം 200 അംഗങ്ങളുളള രാജസ്ഥാന്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 101 എം.എല്‍.എമാരുടെ പിന്തുണയാണ് ആവശ്യം. ബി.ജെ.പിക്ക് 72 എം.എല്‍.എമാരാണുളളത്. സച്ചിന്‍ പെെലറ്റിന്റെ നീക്കങ്ങളെ തുടര്‍ന്ന് രാജസ്ഥാനിലെ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിർണായകമായ നീക്കം.
https://www.facebook.com/Malayalivartha























