ബൈക്ക് കടം വാങ്ങി കോവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ച് യുവ നേതാവ്
കോവിഡ് ബാധയുണ്ടെന്ന് സംശയമുള്ളയാളെ പിപിഇ കിറ്റ് ധരിച്ച് ബൈക്കില്‍ ആശുപത്രിയിലെത്തിച്ച യുവ നേതാവ് സോഷ്യൽ മീഡിയയിൽ വൈറൽ. ബംഗാളിലെ ജാര്‍ഗ്രാം ജില്ലയിലാണ് സംഭവം. തൃണമൂല്‍ നേതാവാണ് സോഷ്യല്‍ മീഡിയയിൽ താരമായിരിക്കുന്നത്.
മറുനാടന്‍ തൊഴിലാളിയായ അമല്‍ ബാരിക്ക് (43) അടുത്തിടെയാണ് സ്വദേശമായ സിജുവ ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയത്. വന്നതിനു പിന്നാലെ അദ്ദേഹത്തിന് പനി പിടിച്ചു. ആശുപത്രിയിലെത്താന്‍ ആംബുലന്‍സൊന്നും ലഭ്യമായില്ല. ഇതേക്കുറിച്ചറിഞ്ഞ തൃണമൂല്‍ യുവജന വിഭാഗത്തിന്റെ ഗോപിബല്ലവ്പുരിലെ നേതാവ് സത്യകം പട്നായിക് പിപിഇ കിറ്റ് ധരിച്ച് കടമെടുത്ത ബൈക്കില്‍ ബാരിക്കിന്റെ വീട്ടിലേക്ക് പോയി.
ബാരിക്കിന്റെ ഭാര്യയോടും രണ്ട് കുട്ടികളോടും സംസാരിച്ചതിന് ശേഷം അദ്ദേഹം മറ്റൊരാളുടെ ബൈക്കില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിശോധനകള്‍ക്കു ശേഷം വീട്ടില്‍ തന്നെ തുടരാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന്, പട്നായിക് ബാരിക്കിനെ തിരികെ വീട്ടിലെത്തിച്ചു.
ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗോപിബല്ലവ്പുര് ബ്ലോക്ക് ഒന്നിലെ തൃണമൂല്‍ യൂത്ത് വിഭാഗമായ യുവയുടെ നേതാവാണ് സത്യകം പട്നായിക്. തൃണമൂല്‍ യുവ മേധാവിയും പാര്‍ട്ടി എംപിയുമായ അഭിഷേക് ബാനര്‍ജി അടുത്തിടെ ആരംഭിച്ച യുവ വാരിയര്‍ ക്ലബിന്റെയും ഭാഗമാണ് സത്യകം.
https://www.facebook.com/Malayalivartha