ആരോഗ്യ മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിനു വഴിയൊരുക്കുന്ന ദേശീയ ഡിജിറ്റല്‍ ആരോഗ്യ ദൗത്യത്തിനു തുടക്കം

ദേശീയ ഡിജിറ്റല്‍ ആരോഗ്യ ദൗത്യത്തിനു നാന്ദി കുറിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. 74-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍നിന്നു രാജ്യത്തോടു നടത്തിയ പ്രസംഗത്തിലാണു മോഡിയുടെ പ്രഖ്യാപനം.
ആരോഗ്യ മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിനു വഴിയൊരുക്കുന്ന ദൗത്യത്തിന്റെ ഭാഗമായി ഓരോ ഇന്ത്യക്കാരനും ആരോഗ്യ ഐ.ഡി. നല്‍കും. ഓരോരുത്തരും നടത്തിയ ആരോഗ്യ പരിശോധനകള്‍, രോഗങ്ങള്‍, ഡോക്ടര്‍ നിര്‍ദേശിച്ച മരുന്ന് അടക്കമുള്ള ആരോഗ്യവിവരങ്ങള്‍ ആരോഗ്യ ഐ.ഡിയില്‍ ലഭ്യമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മൂന്ന് കോവിഡ് പ്രതിരോധ വാക്സിനുകള്‍ രാജ്യത്തു പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ശാസ്ത്രജ്ഞരുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് അവ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കാനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി. മഹാവ്യാധിക്കിടെ 130 കോടി ഇന്ത്യക്കാരെ സ്വാശ്രയരാക്കാന്‍ ആവിഷ്‌കരിച്ച ആത്മനിര്‍ഭര്‍ ഭാരത് ദേശവാസികളുടെ മന്ത്രമായിക്കഴിഞ്ഞു- മോഡി പറഞ്ഞു. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിനു നേതൃത്വം നല്‍കുന്ന ആരോഗ്യപ്രവര്‍ത്തകരും പോലീസുകാരും മറ്റുള്ളവരും സേവയാണു പരമമായ ധര്‍മം എന്ന മന്ത്രം ജീവിതത്തില്‍ പകര്‍ത്തുകയാണെന്നു മോഡി ചൂണ്ടിക്കാട്ടി
നമ്മുടെ ദരിദ്രരായ സഹോദരിമാരുടെയും പെണ്‍മക്കളുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ ഒരുരൂപയ്ക്ക് സാനിറ്ററി നാപ്കിനുകള്‍ വിതരണം ചെയ്യുന്നുണ്ട്. പദ്ധതി ആവിഷ്‌കരിച്ചശേഷം ഇതുവരെ അഞ്ചു കോടി സാനിറ്ററി പാഡുകളാണ് വിതരണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികളുടെ നിയമപരമായ വിവാഹപ്രായം പുനര്‍നിശ്ചയിക്കാന്‍ ആലോചിക്കുന്നതായി മോഡി പറഞ്ഞു
ഗ്രാമീണമേഖലയുടെ വികസനത്തിനു കൂടുതല്‍ ഗതിവേഗം കൈവരുത്താനുള്ള പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അടുത്ത 1000 ദിവസത്തിനുള്ളില്‍ രാജ്യത്തെ ആറു ലക്ഷം ഗ്രാമങ്ങളെ ഒപ്റ്റിക്കല്‍ ഫൈബറിലൂടെ ബന്ധിപ്പിക്കുമെന്നും മോഡി പറഞ്ഞു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ പുഷ്പചക്രം അര്‍പ്പിച്ചശേഷമാണു പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്.
https://www.facebook.com/Malayalivartha























