ഫെയ്‌സ്ബുക്കിന്റെ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥയ്‌ക്കെതിരെ വധഭീഷണി

ഫെയ്‌സ്ബുക്കിന്റെ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥയ്‌ക്കെതിരെ വധഭീഷണി. ഫെയ്‌സ്ബുക് ഇന്ത്യ സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യ പോളിസി ഡയറക്ടര്‍ ആംഖിദാസ്, സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലെ വധഭീഷണിക്കും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കും എതിരെ ഡല്‍ഹി സൈബര്‍ സെല്ലിനു പരാതി നല്‍കി.
ഇന്ത്യയിലെ സമൂഹ മാധ്യമങ്ങളെ ബിജെപി നിയന്ത്രിക്കുന്നുവെന്ന ആരോപണത്തെച്ചൊല്ലിയുള്ള കോണ്‍ഗ്രസ് ബിജെപി വാക്‌പോര് ചൂടുപിടിച്ചു. ആരോപണം കോണ്‍ഗ്രസ് കടുപ്പിച്ചു. ഇതു പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കമല്ലെന്നും വിദ്വേഷ പ്രചാരണത്തിന് സമൂഹ മാധ്യമത്തെ ഉപയോഗിക്കുന്നതും അത് അധികൃതര്‍ അവഗണിക്കുന്നതുമാണ് പ്രശ്‌നമാണെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാടെ പറഞ്ഞു.
'വാള്‍ സ്ട്രീറ്റ് ജേണലില്‍ , ഇന്ത്യയില്‍ ബിജെപിക്കു വേണ്ടി ഫെയ്‌സ്ബുക് നയങ്ങളില്‍ വെള്ളം ചേര്‍ക്കുന്നുവെന്ന് വാര്‍ത്ത വന്നതിനെതുടര്‍ന്നാണ് വിവാദം പുകഞ്ഞത്. സമൂഹമാധ്യമങ്ങളെ ഉപയോഗിച്ച് ജനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന കാര്യം ഒരു അമേരിക്കന്‍ മാധ്യമം പുറത്തു കൊണ്ടുവരേണ്ടിവന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു.
2019-ലെ തിരഞ്ഞെടുപ്പില്‍ ഫെയ്‌സ്ബുക് വിവരങ്ങള്‍ ചോര്‍ത്താന്‍ യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേംബ്രിജ് അനലിറ്റിക്ക എന്ന സ്ഥാപനത്തെ കോണ്‍ഗ്രസ് ഉപയോഗപ്പെടുത്തിയതായുള്ള വിവാദം ഇതിനു മറുപടിയായി രവിശങ്കര്‍ പ്രസാദ് ഓര്‍മിപ്പിച്ചു.
ബിജെപി നേതാക്കള്‍ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ ഒഴിവാക്കാനും നടപടിയെടുക്കാനും ഫെയ്‌സ്ബുക് മടിക്കുന്നുവെന്നായിരുന്നു വാള്‍ സ്ട്രീറ്റ് ജേണലിലെ റിപ്പോര്‍ട്ട്. ബിജെപിക്കെതിരെ നിന്നാല്‍ ബിസിനസിനെ ബാധിക്കുമെന്ന് ആംഖിദാസ് പറഞ്ഞതായും വാര്‍ത്തയിലുണ്ടായിരുന്നു.
പാര്‍ലമെന്റിന്റെ ഐടി സ്ഥിരം സമിതി അധ്യക്ഷന്‍ കൂടിയായ കോണ്‍ഗ്രസ് എംപി ശശി തരൂര്‍, ഫെയ്‌സ്ബുക്കിന് ആരോപണത്തെക്കുറിച്ച് എന്തു പറയാനുണ്ടെന്നും എന്താണ് അവര്‍ ചെയ്യാനുദ്ദേശിക്കുന്നതെന്നും സമിതി പരിശോധിക്കുമെന്നും ട്വീറ്റ് ചെയ്തതോടെ വിവാദത്തിനു പുതിയ മാനം കൈവന്നു.
ഇത്തരം പോസ്റ്റുകളുടെ കാര്യത്തില്‍ ഒരു നയമേ ഉള്ളൂവെന്നും ഇന്ത്യയിലും നിരന്തര പരിശോധനയ്ക്കു വിധേയമാകുന്നുണ്ടെന്നുമാണ് ഫെയ്‌സ്ബുക്കിന്റെ വിശദീകരണം.
https://www.facebook.com/Malayalivartha























