നിലവിലില്ലാത്ത വ്യജകമ്പനികളുടെ പേരില്‍ കള്ളപ്പണമൊഴുക്കിയ ചൈനീസ് പൗരനെതിരേ കേസ്

ആയിരം കോടി രൂപയിലേറെ കള്ളപ്പണം നിലവിലില്ലാത്ത വ്യജകമ്പനികളുടെ പേരില്‍ വെളുപ്പിക്കാന്‍ ശ്രമം നടത്തിയ ചൈനീസ് പൗരനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. ചാര്‍ലി പെങ് എന്നറിയപ്പെടുന്ന ലുവോ സാങ്ങിനെതിരേയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നടപടിപ്രകാരം കേസ്. ഡല്‍ഹി പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രഥമദൃഷ്ട്യാ ഇയാള്‍ കുറ്റക്കാരനാണെന്നു വ്യക്തമായിരുന്നു.
ലുവോയെയും കൂട്ടാളികളെയും ചോദ്യംചെയ്യലിനായി ഇ.ഡി. ഉടന്‍ വിളിപ്പിക്കും. ഹവാല ഇടപാടുകാര്‍, ഇടപാടിനു കൂട്ടുനിന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, ബാങ്ക് ജീവനക്കാര്‍ എന്നിവരെയൊക്കെ ചോദ്യംചെയ്യാനാണ് നീക്കം.
ലുവോ ഡല്‍ഹിയിലെ ടിബറ്റന്‍ സെറ്റില്‍മെന്റുകളില്‍ രണ്ടും മൂന്നും ലക്ഷം അടങ്ങിയ കെട്ടുകള്‍ എത്തിച്ചിരുന്നെന്നാണ് വിവരം. ഓഫീസ് ജീവനക്കാര്‍ മുഖേനയാണ് കണക്കില്‍പ്പെടാത്ത പണം കൈമാറിയിരുന്നതെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.
2014 -ല്‍ നേപ്പാള്‍ വഴിയാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. പിന്നീട് മണിപ്പുരില്‍നിന്നു വ്യാജപാസ്പോര്‍ട്ട് സംഘടിപ്പിച്ചു. ആധാര്‍, പാന്‍ കാര്‍ഡുകളും സംഘടിപ്പിച്ചശേഷം ഇയാള്‍ ഇന്ത്യയില്‍ താമസമാക്കുകയായിരുന്നു. ഇയാള്‍ ദെലെലാമയെ ലക്ഷ്യമിട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
കള്ളപ്പണ നീക്കത്തിനായി ഒട്ടേറെ കടലാസുകമ്പനികള്‍ ലുവോ കെട്ടിച്ചമച്ചു. മെഡിക്കല്‍, ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുടെ ചില്ലറ കയറ്റുമതിയും ഇറക്കുമതിയും ഇയാള്‍ക്കുണ്ടായിരുന്നു. ഇത് മറയാക്കിയാണ് അധികൃതരുടെ കണ്ണ് വെട്ടിച്ചതും.
https://www.facebook.com/Malayalivartha























