ഞാന് ദയ യാചിക്കില്ല, ഔദാര്യത്തിന് ഇരക്കില്ല; നിലപാട് വ്യക്തമാക്കി പ്രശാന്ത് ഭൂഷൺ

തനിക്കെതിരായ കോടതിയലക്ഷ്യ കേസില് ദയയുണ്ടാകണമെന്ന് കോടതിക്ക് മുമ്പാകെ അഭ്യര്ഥിക്കുന്നില്ലെന്ന് വ്യക്തമാക്കി മുതിര്ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷൺ രംഗത്ത്. ജനാധിപത്യത്തിൽ ഏതൊരു സ്ഥാപനത്തിനു നേരെയും തുറന്ന വിമര്ശനം ഭരണഘടനയെ സംരക്ഷിക്കുന്നതിന് അനിവാര്യമാണ്. ചരിത്രത്തിന്റെ പ്രത്യേക സന്ധിയിലൂടെ കടന്നുപോകുന്ന ഈ രാജ്യത്ത് തന്റെ കര്ത്തവ്യമെന്ന് വിശ്വസിക്കുന്ന ചില കാര്യങ്ങള് ചെയ്യാനുള്ള എളിയ ശ്രമമാണ് ട്വീറ്റുകളിലൂടെ നടത്തിയതെന്നും പ്രശാന്ത് ഭൂഷണ് സുപ്രീംകോടതിയിൽ പറഞ്ഞു.
ഈ ഘട്ടത്തിൽ മൗനം പാലിക്കുന്നത് തന്റെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ചയായിരിക്കും. അതുകൊണ്ട് ക്ഷമാപണം നടത്തുകയോ ദയ അഭ്യര്ഥിക്കുകയോ ചെയ്യില്ല. നിയമപ്രകാരം കോടതി നല്കുന്ന ഏത് ശിക്ഷയും സന്തോഷത്തോടെ സ്വീകരിക്കുമെന്നും ഭൂഷണ് വ്യക്തമാക്കി
'ഞാന് ദയ യാചിക്കില്ല, ഔദാര്യത്തിന് ഇരക്കില്ല'; ഭൂഷണ് കോടതിയെ അറിയിച്ചു.കോടതി തെറ്റിദ്ധരിക്കുകയായിരുന്നെന്നും അദ്ദേഹം സുപ്രീം കോടതിയില് പറഞ്ഞു.
തന്റെ ട്വീറ്റുകള് ഇന്ത്യന് ജനാധിപത്യത്തിന്റെ സുപ്രധാനമായ തൂണിന്റെ അസ്ഥിവാരമിളക്കുന്നതാണെന്ന കോടതിയുടെ കണ്ടെത്തല് അവിശ്വസനീയമാണ്. ആ രണ്ടു ട്വീറ്റുകള് എന്റെ അടിയുറച്ച ബോധ്യമാണ്.
ഏത് ജനാധിപത്യവും അതു പറയാനുളള സ്വാതന്ത്രവും അനുവദിക്കേണ്ടതുണ്ട്. ജുഡീഷറിയുടെ ആരോഗ്യകരമായ പ്രവര്ത്തനത്തിന് പൊതുസമൂഹത്തിന്റെ പരിശോധനകള് കൂടിയേ തീരു. ഭരണഘടനാക്രമം പരിപാലിക്കാന് അത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പുനഃപരിശോധനാ ഹര്ജി നല്കാന് സമയം വേണമെന്നതിനാല് തനിക്കെതിരായ ക്രിമിനല് കോടതിയലക്ഷ്യക്കേസില് ശിക്ഷ സംബന്ധിച്ച വാദം നീട്ടിവെക്കണമെന്ന് പ്രശാന്ത് ഭൂഷണ് സുപ്രീംകോടതിയില് ആവശ്യപ്പെട്ടു. എന്നാല് കോടതി ഇത് നിരാകരിച്ചു. തുടര്ന്നാണ് മുന്കൂട്ടി തയ്യാറാക്കിയ പ്രസ്താവന കോടതിയില് അദ്ദേഹം വായിച്ചത്
കഴിഞ്ഞ ആറുവര്ഷത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാര്, ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ എന്നിവര്ക്കെതിരേ ട്വീറ്റ് ചെയ്തതില് ഭൂഷണ് കുറ്റക്കാരനാണെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം വിധിച്ചിരുന്നു.
https://www.facebook.com/Malayalivartha























