ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ രണ്ടു പേര്‍ കാണ്‍പുര്‍ കോടതിയില്‍ കീഴടങ്ങി

ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ രണ്ടു പേര്‍ കാണ്‍പുര്‍ കോടതിയില്‍ കീഴടങ്ങി. കൊടും കുറ്റവാളികളായ വികാസ് ദുബെയുടെ അനുയായകളായ വിഷ്ണുപാല്‍ സിംഗ് യാദവ്, ശിവം ദുബെ എന്നിവരാണു കീഴടങ്ങിയത്. യാദവ് ഗ്രാമത്തലവനാണ്. ഇവരെക്കുറിച്ച് വിവരം നല്കുന്നവര്‍ക്കു 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഇരു പ്രതികളെയും റിമാന്‍ഡ് ചെയ്തു. വികാസ് ദുബെ ഉള്‍പ്പെടെ കേസില്‍ ആറു പ്രധാന പ്രതികള്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ദുബെയെ പിടികൂടുന്നതിനായി കാണ്‍പുരിലെ ഗ്രാമത്തിലെത്തിയ പൊലീസ് സംഘത്തിലെ ഡിഎസ്പി ദേവേന്ദ്രകുമാര്‍ മിശ്ര അടക്കം എട്ട് ഉദ്യോഗസ്ഥരെയാണ് ദുബെയും സംഘവും വെടിവെച്ച് കൊന്നത്.
ദുബെയെ പിടിക്കുന്നതിനായി പൊലീസ് സംഘം കാണ്‍പൂരിലെ ഗ്രാമത്തിലെത്തിയപ്പോള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡ് തടസ്സപ്പെടുത്തി. ഇതോടെ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ പൊലീസ് സംഘത്തിന് നേര്‍ക്ക് കെട്ടിടത്തിന് മുകളില്‍ ഒളിച്ചിരിക്കുകയായിരുന്ന ദുബെയും സംഘവും വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെയ്പ്പില്‍ ഗുണ്ടാസംഘത്തിലെ രണ്ടുപേരും കൊല്ലപ്പെട്ടു. ദുബെയെ അറസ്റ്റു ചെയ്യാന്‍ ബിക്രു ഗ്രാമത്തില്‍ പ്രവേശിച്ച പൊലീസ് സംഘത്തിനു നേരെയാണ് മേല്‍ക്കൂരയില്‍ നിന്ന് ആക്രമണമുണ്ടായത്.
"
https://www.facebook.com/Malayalivartha























