കോവിഡ് നിയന്ത്രണം ആരാധനാലയങ്ങള്‍ക്ക് മാത്രം ബാധകമാക്കുന്നതില്‍ സര്‍ക്കാരിന് കോടതിയുടെ വിമര്‍ശനം
പര്യൂഷണ പൂജയ്ക്കായി ജൈനക്ഷേത്രങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന മഹാരാഷ്ട്രയിലെ ശ്രീ പാര്ശ്വതിലക് ശ്വേതാംബര്‍ മൂര്‍ത്തിപൂജക് ട്രസ്റ്റിന്റെ ഹര്‍ജി പരിഗണിക്കവേ സര്‍ക്കാരിന് കോടതിയുടെ വിമര്‍ശനം.
സാമ്പത്തിക താല്പ്പര്യങ്ങളുള്പ്പെട്ട മേഖലകളെല്ലാം തുറന്നുകൊടുക്കുകയും മതപരമായ കാര്യങ്ങള്‍ വരുമ്പോള്‍ കോവിഡിന്റെ പേരുപറഞ്ഞ് എതിര്‍ക്കുകയും ചെയ്യുന്നതു വിചിത്രമാണെന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ പറഞ്ഞു.
ജൈന വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ആചാരമാണു പര്യൂഷണണ് പൂജ.ഇതിനായി മുംബൈയിലെ ദാദര്‍, ചെമ്പൂര്, ബൈക്കുള എന്നിവിടങ്ങളിലെ ജൈനക്ഷേത്രങ്ങള്‍ ഇന്നും നാളെയും തുറക്കാന്‍ കോടതി അനുമതി നല്കി. ഒരു ദിവസം പരമാവധി 250 പേര്‍ക്കു ദര്‍ശനം, ഒരേസമയം ക്ഷേത്രത്തിനുള്ളില്‍ അഞ്ചു പേരിലധികം പാടില്ല എന്നീ ഉപാധികളോടെയാണ് അനുമതി.
ഗണേശചതുര്ഥിയടക്കം, ആളുകള്‍ തിങ്ങിക്കൂടുന്ന ഒരാഘോഷവും അനുവദനീയമല്ലെന്നും ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യന്‍ എന്നിവരുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. മറ്റേതെങ്കിലും ട്രസ്റ്റിനോ ക്ഷേത്രത്തിനോ ഈ അനുമതി ബാധകമല്ല. ഇന്നാണു ഗണേശ ചതുര്‍ഥി.
രാജ്യത്ത് മഹാമാരി പിടിമുറുക്കിയിരിക്കുന്ന വേളയില്‍ ജനങ്ങളുടെ ആരോഗ്യമാണു പരമപ്രധാനമെന്നു ചൂണ്ടിക്കാട്ടി, കഴിഞ്ഞ 14 മുതല്‍ 23 വരെ നീളുന്ന പര്യൂഷണ്‍ ആഘോഷത്തിനായി ജൈനക്ഷേത്രങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യം നേരത്തേ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു.
മഹാരാഷ്ട്ര സര്‍ക്കാര്‍, ക്ഷേത്രങ്ങള്‍ തുറക്കാന്‍ അനുമതി കൊടുക്കരുതെന്ന് നിലപാടെടുത്തു. മാളുകളും ബാര്‍ബര്‍ ഷോപ്പുകളും മദ്യശാലകളും മറ്റും തുറന്നുകൊടുത്തിട്ടുണ്ടെന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മതസംബന്ധമായ കാര്യങ്ങള്‍ മാത്രം വിലക്കുന്നതിനെ കോടതി ചോദ്യംചെയ്തത്. ജൂണില്‍ കര്‍ശന നിയന്ത്രണങ്ങളോടെ ഒഡീഷയില്‍ പുരി ജഗന്നാഥ രഥയാത്ര അനുവദിച്ചതു കോടതി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha