ജനങ്ങളുടെയും ചരക്ക് വാഹനങ്ങളുടെയും നീക്കം തടസ്സപ്പെടരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം
ജനങ്ങളുടെയും ചരക്ക് വാഹനങ്ങളുടെയും നീക്കം തടസ്സപ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്ന് കേന്ദ്രത്തിന്റെ നിര്‍ദേശം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. വ്യക്തികളുടെയും ചരക്കുകളുടെയും അന്തര്‍ സംസ്ഥാന നീക്കത്തിന് യാതൊരു നിയന്ത്രണവുമില്ലെന്ന് അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.
നിയന്ത്രണങ്ങള്‍ ചരക്കുകളുടെയും സേവനങ്ങളുടെയും അന്തര്‍ സംസ്ഥാന വിതരണ ശൃംഖലയെ ബാധിക്കുന്നുവെന്നും അജയ് ഭല്ല കത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതിര്‍ത്തി കടന്നുള്ള വ്യാപാരത്തിനായി വ്യക്തികളുടെയും ചരക്കുകളുടെയും നീക്കത്തിന് പ്രത്യേക അനുമതിയോ അംഗീകാരമോ ഇ-പെര്‍മിറ്റോ ആവശ്യമില്ല.
ഇവയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് 2005 ലെ ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിപ്പിച്ച മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണെന്നും ഭല്ല വ്യക്തമാക്കി.
https://www.facebook.com/Malayalivartha