ആരോഗ്യ ഐഡിയില്‍ വിവാദ വ്യവസ്ഥകള്‍; രോഗവിവരവും ജാതിയും മതവും ലൈംഗിക താല്‍പ്പര്യവും വെളിപ്പെടുത്തണം

കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ ഐഡിയിലെ വ്യവസ്ഥകള്‍ വിവാദമാകുന്നു. വ്യക്തിയുടെ ജാതിയും മതവും രാഷ്ട്രീയവും ലൈംഗിക താല്‍പ്പര്യവും ചോദിക്കുന്നതു കൂടാതെ കഴിക്കുന്ന ഗുളിക അടക്കം രോഗങ്ങളും ചികിത്സാ വിവരങ്ങളും നല്‍കണം. അതിന് പുറമേ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് തുടങ്ങി ബാങ്കിംഗ് സംബന്ധമായ വിവരവും ചോദിക്കുന്ന വിവര ശേഖരണത്തിനെതിരേ ശക്തമായ പ്രതിഷേധം ഉയരുമെന്ന സൂചനയാണ് പ്രതിപക്ഷവും നല്‍കുന്നത്.
ആരോഗ്യ ഐഡിയുടെ ഡേറ്റാ സുരക്ഷ സംബന്ധിച്ച് കരട് നയം ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ പുറത്തിറക്കി. വിവര ശേഖരത്തിന്റെ ഭാഗമായി രോഗത്തിന്റെയും ചികിത്സയുടെയും വിവരങ്ങള്‍ക്ക് പുറമേ വ്യക്തികളുടെ ജാതിയും രാഷ്ട്രീയ ചായ്വും വ്യക്തികളുടെ ലൈംഗിക താല്‍പര്യം, സാമ്പത്തിക നില എന്നിവ വരെ രേഖപ്പെടുത്തേണ്ടി വരും. അടുത്തമാസം മൂന്നുവരെ കരടില്‍ ജനങ്ങള്‍ക്ക് അഭിപ്രായമറിയിക്കാം.
ഹെല്‍ത്ത് ഐ.ഡി. കാര്‍ഡ് വേണ്ടെന്ന് വയ്ക്കാന്‍ വ്യക്തികള്‍ക്ക് അവകാശമുണ്ട്. വിവരങ്ങള്‍, കേന്ദ്രതലത്തിലും സംസ്ഥാന തലത്തിലും അതത് ചികിത്സ കേന്ദ്രങ്ങളില്‍ മാത്രമേ സൂക്ഷിക്കുകയുള്ളൂ. അതേസമയം ആരോഗ്യ ഐഡിക്കായി നല്‍കുന്ന വിവരങ്ങളുടെ നിയന്ത്രണാധികാരം വ്യക്തികള്‍ക്കായിരിക്കുമെന്ന് കരട് നയത്തില്‍ പറയുന്നു. ഇത് നല്‍കാതിരിക്കാന്‍ വ്യക്തികള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും കരടില്‍ പറയുന്നുണ്ട്. താത്പര്യമുണ്ടെങ്കില്‍ മാത്രം ഈ വിവരങ്ങള്‍ നല്‍കിയാല്‍ മതി.
ഗവേഷണത്തിന് വിവരങ്ങള്‍ നല്‍കുകയാണെങ്കില്‍ ആ വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായിരിക്കണമെന്ന നിര്‍ദേശവും കരടില്‍ നല്‍കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കടക്കം ഇത് പരിശോധിക്കണമെങ്കില്‍ വ്യക്തിയുടെ അനുമതി വേണ്ടിവരും. എന്നാല്‍ പദ്ധതിയില്‍ ടെലി മെഡിസിന്‍, ഇ-ഫാര്‍മസി തുടങ്ങിയവ സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നീക്കവും എതിര്‍പ്പ് വിളിച്ചു വരുത്തുകയാണ്.
ആരോഗ്യമേഖലയിലെ വിപ്ലവമെന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍, ഓരോ ഇന്ത്യക്കാരനും ആധാര്‍ പോലുള്ള ആരോഗ്യ ഐഡി പുറത്തിറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഒരു പൗരന്റെ എല്ലാ മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ടുകളും കുറിപ്പുകളും രോഗചരിത്രവും ആരോഗ്യ ഐഡിയില്‍ ഉണ്ടാകുമെന്നാണ് പ്രഖ്യാപിച്ചത്. രോഗവിവരങ്ങള്‍, പരിശോധന, കഴിക്കുന്ന മരുന്നുകള്‍, ലാബ് റിപ്പോര്‍ട്ട് എന്നിവയും ഉണ്ടാകും.
ആരോഗ്യ ഐഡിയിലേക്ക് ജാതി ചോദിക്കുന്നതില്‍ തെറ്റില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറയുന്നത്. കേരളത്തില്‍ സര്‍ക്കാരിന്റെ ഏത് അപേക്ഷ ഫോറത്തിലാണ് ജാതി ഇല്ലാത്തതെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു. ഒന്നാംക്ലാസില്‍ ചേര്‍ക്കുമ്പോള്‍ മുതല്‍ ജാതി ചോദിക്കുന്നില്ലേ എന്നും ജാതി ചോദിക്കുന്നത് നമ്മുടെ നാട്ടില്‍ ഒരു കുറ്റമാണോയെന്നും ചോദിക്കുന്നു. എന്നാല്‍ വിവാദ വ്യവസ്ഥകളെ ശക്തമായി എതിര്‍ക്കുമെന്നാണ് കോണഗ്രസ് പറയുന്നത്.
https://www.facebook.com/Malayalivartha


























