ദക്ഷിണ ചൈനക്കടലില്‍ യുദ്ധക്കപ്പല്‍ വിന്യസിച്ച് ഇന്ത്യ, കപ്പലുകള്‍ വിന്യസിച്ചത് ചൈനീസ് നാവിക സേന ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പ്രവേശിക്കുന്നിടത്ത്

ജൂണ്‍ 15-ന് ഗല്‍വാന്‍ മലനിരകളില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതിനു പിന്നാലെ ദക്ഷിണ ചൈനക്കടലിലേക്ക് ഇന്ത്യ യുദ്ധക്കപ്പല്‍ അയച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട്. ലഡാക്കില്‍ ഇന്ത്യയും ചൈനയിലും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നാവികസേന ദക്ഷിണ ചൈന കടലിലേക്ക് യുദ്ധക്കപ്പല്‍ അയച്ചത്.
കൃത്രിമ ദ്വീപ് നിര്‍മിച്ച് 2009 മുതല്‍ ചൈന ഇവിടെ ശക്തമായ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ്. മറ്റു രാജ്യങ്ങളുടെ കപ്പലുകള്‍ ഇവിടേക്ക് എത്തുന്നതും ചൈന തടയുന്നു. നയതന്ത്ര ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഇന്ത്യന്‍ യുദ്ധക്കപ്പല്‍ വിന്യസിച്ചത് ചൈനയെ പ്രകോപിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ യുദ്ധക്കപ്പല്‍ വിന്യസിച്ചതിന് പിന്നാലെ യുഎസിന്റെ യുദ്ധക്കപ്പലുകളും ദക്ഷിണ ചൈന കടലില്‍ എത്തിയിരുന്നു.
ഇതേസമയം തന്നെ അന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിനു സമീപത്തും ഇന്ത്യ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു. ചൈനീസ് നാവിക സേന ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പ്രവേശിക്കുന്നിടത്താണ് കപ്പലുകള്‍ വിന്യസിച്ചത്. മലാക്ക കടലിടുക്ക് വഴിയാണ് ചൈനീസ് ചരക്ക് കപ്പലുകള്‍ കടന്നു പോകുന്നത്. ഇവയുടെ സഞ്ചാരവും ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ നിരീക്ഷിക്കുന്നുണ്ട്. കൂടുതല്‍ അന്തര്‍വാഹിനികളും ഇവിടേക്ക് എത്തിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha

























