പ്രധാനമന്ത്രിയുടെ ആഹ്വാനവും പ്രതിപക്ഷത്തിന്റെ ആവശ്യവും; സൈനികര്‍ക്കായി ഒറ്റക്കെട്ടി നില്‍ക്കാം പക്ഷേ അടിയന്തര പ്രമേയത്തിന്റെ ആവശ്യമില്ല; പാര്‍മെന്റിലെ കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ ആദ്യ ദിനം തന്നെ ബഹളം; മോദി കോവിഡിന്റെ കാര്യം മറന്നെന്ന് കോണ്‍ഗ്രസ്

രാജ്യം സൈനികര്‍ക്ക് പിന്നില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്ന സന്ദേശം പാര്‍ലമെന്റ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി പറഞ്ഞത്. അതുകൊണ്ടാണോ എന്നറിയില്ല ഡല്‍ഹി കലാപക്കേസില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയപ്പോള്‍ കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയത് അതിര്‍ത്തിയിലെ സംഘര്‍ഷം മുന്‍നിര്‍ത്തിയാണ്. പക്ഷേ പ്രതിപക്ഷത്തിന്റെ ഈ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. പാര്‍ലമെന്റിലെ എല്ലാ അംഗങ്ങളും നമ്മുടെ സൈനികര്‍ക്കൊപ്പം ഒറ്റക്കെട്ടായി നില്‍ക്കുമെന്നതിന് വ്യക്തമായ സന്ദേശം നല്‍കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു' പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ സൈനികര്‍ അവരുടെ മാതൃരാജ്യത്തെ സംരക്ഷിക്കാനുള്ള അഭിനിവേശത്തോടെയും ധൈര്യത്തോടെയും ശക്തമായ ദൃഢനിശ്ചയത്തോടുംകൂടി അതിര്‍ത്തിയില്‍ ഉറച്ച് നില്‍ക്കുന്നു. പ്രയാസകരമായ സാഹചര്യങ്ങളിലാണ് അവര്‍ നില്‍ക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മഞ്ഞ് വീഴ്ചയും ഉണ്ടാകും. അതേ ദൃഢതയോടുകൂടി തന്നെ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികരുടെ പിന്നില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന ഐക്യത്തോടെയുള്ള ശബ്ദത്തില്‍ പാര്‍ലമമെന്റില്‍ നിന്ന് ഒരു സന്ദേശം ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി രാജ്യത്തെ ജനങ്ങള്‍ വലിയ സമ്മര്‍ദ്ദത്തിലാണെന്നും. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ കാരണമാണ് സമ്മര്‍ദ്ദമെന്നും ലോക്‌സഭയിലെ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. അതിര്‍ത്തി തര്‍ക്കത്തില്‍ പാര്‍ലമെന്റില്‍ വിവാദം പാടില്ലെന്ന് പറഞ്ഞ് പ്രധാനമന്ത്രി തന്നെ ചര്‍ച്ചയ്ക്കുള്ള സാധ്യത അടച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയും ഉണ്ടായില്ല. അതേസമയം ലോക്ക്ഡൗണ്‍ ഒരു പരിധി വരെ കൊവിഡ് വ്യാപനം പിടിച്ചു നിറുത്തിയെന്ന് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ സഭയില്‍ നടത്തിയ പ്രസ്താവനയില്‍ അവകാശപ്പെട്ടു. പ്രധാനമന്ത്രിയുടെ നേതൃത്വത്തെക്കുറിച്ച് ആരോഗ്യമന്ത്രി പരാമര്‍ശിച്ചപ്പോള്‍ സഭയില്‍ വലിയ ബഹളം ഉയര്‍ന്നു. കോവിഡ് നിയന്ത്രണവിധേയമാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷവും സഭയില്‍ ബഹളം വച്ചു.
അതേസമയം കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തി. പ്രധാനമന്ത്രി മയിലുകള്‍ക്കൊപ്പം കളിക്കുന്ന തിരക്കിലായതിനാല്‍ രാജ്യത്തെ ജനങ്ങള്‍ സ്വന്തം നിലയില്‍ കൊവിഡിനെ നേരിടാന്‍ തയ്യാറാവണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി മയിലുകളുമായുള്ള കളിയില്‍ തിരക്കിലായതിനാല്‍ സ്വന്തം ജീവന്‍ ഓരോരുത്തരും സംരക്ഷിക്കണം. ഇന്ത്യയിലെ കോവിഡ് കേസുകള്‍ ഈ ആഴ്ച 50 ലക്ഷം കടക്കും. വെറും ഈഗോയുടെ പുറത്ത് ഒട്ടും ആസൂത്രണമില്ലാതെ പ്രഖ്യാപിച്ച ലോക്ക് ഡൗണാണ് കോവിഡ് സാഹചര്യം ഇത്രയും ഗുരുതരമാക്കിയത് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
ചോദ്യോത്തരവേള ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സഭയില്‍ ബഹളത്തിനിടയാക്കി. ഇക്കാര്യത്തില്‍ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടെങ്കിലും അതും സര്‍ക്കാര്‍ തള്ളി. അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും നല്കിയ അടിയന്തരപ്രമേയം നോട്ടീസ് സ്പീക്കര്‍ തള്ളി. വിഷയം ഉന്നയിക്കാന്‍ അധിര്‍ രഞ്ജന്‍ ചൗധരി ശ്രമിച്ചെങ്കിലും അതും സ്പീക്കര്‍ തടഞ്ഞു. പാര്‍ലമെന്റ് സമ്മേളനം വ്യത്യസ്തമായ ഒരു സമയത്താണ് ആരംഭിക്കുന്നത്. കൊറോണയുമുണ്ട്, ചുമതലയുമുണ്ട്. എംപിമാര്‍ ചുമതലയുടെ പാത തിരഞ്ഞെടുത്തു. അവരെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു. ഇത്തവണ ലോക്‌സഭയും രാജ്യസഭയും വ്യത്യസ്ത സമയത്താണ് നടക്കുക. ശനി, ഞായര്‍ ദിവസങ്ങളില്‍ സഭ ചേരും. എല്ലാം എംപിമാരും ഇത് അംഗീകരിച്ചുവെന്നും മോദി നേരത്തെ പറഞ്ഞു. ലോകത്തിന്റെ ഏത് കോണില്‍ നിന്നും ഒരു വാക്‌സിന്‍ എത്രയും വേഗം വികസിപ്പിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. നമ്മുടെ ശാസ്ത്രജ്ഞര്‍ അതില്‍ വിജയിക്കുമെന്നും മോദി പറഞ്ഞു.
https://www.facebook.com/Malayalivartha


























