ശ്രീലങ്കയിലെ ചാവേര്‍ ബോംബ് ആക്രമണം: ബെംഗളൂരു ലഹരി മരുന്ന് പ്രതികളെ ശ്രീലങ്കന്‍ ബോംബാക്രമണ അന്വേഷണ സംഘം ചോദ്യം ചെയ്യും
2019 ഏപ്രില്‍ 21-ന് കൊളംബോയിലും പരിസരത്തും ആരാധനാലയങ്ങളില്‍ ഉള്‍പ്പെടെ 8 ഇടങ്ങളില്‍ ബോംബ് സ്ഫോടനമുണ്ടായത് സംബന്ധിച്ച് ഇന്ത്യയില്‍ അന്വേഷണം നടത്തിയ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സംഘം ബെംഗളൂരു ലഹരിമരുന്നു കേസിലെ പ്രതികളെ ചോദ്യം ചെയ്യും. കേസില്‍ അറസ്റ്റിലായ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ തുടര്‍ച്ചയായ ശ്രീലങ്കന്‍ യാത്രകളുടെ വിവരം അന്വേഷണ സംഘം ശേഖരിച്ചു.
ലഹരിക്കേസിലെ പ്രതികള്‍ക്കു നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി അടുത്ത ബന്ധം സംശയിക്കുന്ന സാഹചര്യത്തില്‍ ഇവരുടെ ചോദ്യം ചെയ്യല്‍ എന്‍ഐഎക്കു നിര്‍ണായകമാണ്. ലഹരിമരുന്നു കേസിലെ പ്രതികളുടെ പക്കല്‍ നിന്നു പിടികൂടിയ ഡിജിറ്റല്‍ ഉപകരണങ്ങളുടെ പ്രാഥമിക പരിശോധനയില്‍ സംശയകരമായ സന്ദേശങ്ങളും ചാറ്റുകളും കണ്ടെത്തി.
ശ്രീലങ്ക വഴി കടല്‍മാര്‍ഗം ഇന്ത്യയിലേക്കു വന്‍തോതില്‍ ലഹരിമരുന്നു കടത്തുന്നതും കേരളത്തില്‍ നിന്നു യുവാക്കള്‍ ശ്രീലങ്കയിലെ ചൂതാട്ട കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതും ലഹരി പാര്‍ട്ടികളില്‍ സംബന്ധിക്കുന്നതും രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ സൂത്രധാരനെന്നു സംശയിക്കുന്ന സഹ്രാന്‍ ഹാഷിം 3 വര്‍ഷം മുന്‍പു ബെംഗളൂരു സന്ദര്‍ശിച്ചതായി രഹസ്യ വിവരം ലഭിച്ചിരുന്നു. സഹ്രാനെ സമൂഹമാധ്യമങ്ങളില്‍ പിന്തുടര്ന്നിരുന്ന യുവാക്കളെ എന്‍ഐഎ പല തവണ ചോദ്യം ചെയ്തു.
കന്നഡ സിനിമാ, രാഷ്ട്രീയ മേഖലകളിലെ ചിലര്‍ക്ക് ശ്രീലങ്കയില്‍ കസീനോ നടത്തിപ്പുമായി ബന്ധമുണ്ടെന്നതിന്റെ തെളിവ് ലഭിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ ചൂതാട്ടകേന്ദ്രങ്ങളുമായി കര്‍ണാടകയിലെ ലഹരി മാഫിയയ്ക്കുള്ള ബന്ധം അന്വേഷിക്കാന്‍ ബെംഗളൂരു പൊലീസ് കേന്ദ്ര ഏജന്‍സികളുടെ സഹായം തേടുമെന്നാണ് സൂചന. ലങ്കന്‍ കസീനോകളില്‍ പോയതായി പറയുന്ന നടി അയ്ന്ദ്രിത റേ, ഭര്‍ത്താവും നടനുമായ ദിഗന്ത് എന്നിവര്‍ ഇന്നലെ കേരളത്തില്‍ നിന്നും ബെംഗളൂരുവിലെത്തിയ ഉടനെ 4 മണിക്കൂറോളം ബെംഗളൂരു പൊലീസിന്റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ദമ്പതികള്‍ ഇന്നലെ പുലര്‍ച്ചെയാണ് സ്ഥലത്തെത്തിയത്.
രാഗിണി ദ്വിവേദിക്കു പിന്നാലെ നടി സഞ്ജന ഗല്‍റാണിയും ജൂഡീഷ്യല്‍ കസ്റ്റഡിയിലായി. പാരപ്പന അഗ്രഹാര ജയിലിലാണ്. സഞ്ജനയുടെ ജാമ്യാപേക്ഷ ഇന്നലെ പരിഗണിച്ചില്ല. രാഗിണിയുടെ അപേക്ഷ 19-ന് പരിഗണിക്കാനായി മാറ്റി.
https://www.facebook.com/Malayalivartha