പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണം: നിലവിലെ വര്‍ഷകാല സമ്മേളനത്തിനു ശേഷം നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിക്കും, ലേലം ടാറ്റ ഗ്രൂപ്പിന്
ഇന്ദ്രപ്രസ്ഥത്തില്‍ പുതിയ മന്ദിരങ്ങള്‍ നിര്‍മ്മിച്ച് മോടികൂട്ടാനുള്ള നരേന്ദ്ര മോഡി സര്‍ക്കാരിന്റെ പദ്ധതിയുടെ (Central Vista) ഭാഗമായി പുതിയ പാര്‍ലമെന്റ് മന്ദിരവും നിര്‍മ്മിക്കുന്നതിനുള്ള ലേലം ടാറ്റ ഗ്രൂപ്പിന്റെ ടാറ്റ പ്രൊജക്ട്സ് ലിമിറ്റഡ് സ്വന്തമാക്കി. 861.90 കോടി രൂപയ്ക്കാണ് ടാറ്റ ഗ്രൂപ്പ് ലേലം സ്വന്തമാക്കിയത്. നിലവിലെ വര്‍ഷകാല സമ്മേളനത്തിനു ശേഷം നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് സൂചന.
കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ത്രികോണാകൃതിയിലുള്ള പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണത്തിനുള്ള തീരുമാനം കേന്ദ്രമെടുത്തത്. 900-1200 എം.പിമാര്‍ക്ക് ഇരിപ്പിടം ഒരുക്കാന്‍ കഴിയുന്നതാണ് പുതിയ മന്ദിരം. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ 2022 ഓഗസ്റ്റോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി. ഒരു പൊതു സെക്രട്ടേറിയറ്റ് മന്ദിരവും 2024 ഓടെ പുര്‍ത്തിയാക്കും.
രാഷ്ട്രപതി ഭവന് മുതല്‍ ഇന്ത്യാ ഗേറ്റ് വരെയുള്ള മൂന്നു കിലോമീറ്റര്‍ പ്രദേശത്താണ് ഇന്ദ്രപ്രസ്ഥത്തിന്റെ പ്രതിച്ഛായ മാറ്റല്‍ നടക്കുന്നത്. പ്രതിച്ഛായ പുനര്‍വികസനം നടത്തുന്നതിനുള്ള കണ്‍സള്‍ട്ടന്‍സി ലേലം ഗുജറാത്ത് ആസ്ഥാനമായുള്ള ആര്കിടെക്ചര് കമ്പനി എച്ച്സിപി ഡിസൈന്‍സ് നേരത്തെ സ്വന്തമാക്കിയിരുന്നു.
ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള കമ്പനികളുടെ ചുരുക്കപ്പട്ടിക കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ഇതില്‍ മുംബൈയില്‍ നിന്നുള്ള മൂന്നു കമ്പനികളാണ് ഇടംപിടിച്ചിരുന്നത്. ടാറ്റ പ്രൊജക്ട്സ്, ലാര്‍സെന്‍ ആന്റ് ടൂബ്രോ, ഷപൂര്‍ജി പല്ലോന്‍ജി ആന്റ് കമ്പനി എന്നിവ. ലേലത്തില്‍ പങ്കെടുത്ത ലാര്സണ് ആന്റ് ടൂബ്രോ ലിമിറ്റഡ് (എല്‍.ആന്റ്ടി) 865 കോടിയുടെ അടങ്കല്തുകയാണ് വച്ചിരുന്നത്. 861.90 കോടി രൂപയ്ക്കാണ് ടാറ്റ ഗ്രൂപ്പ് ലേലം സ്വന്തമാക്കിയത്. ബുധനാഴ്ചയാണ് കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ലേലത്തുകകള്‍ പരസ്യപ്പെടുത്തിയത്.
https://www.facebook.com/Malayalivartha