വീണ്ടും പ്രകോപനവുമായി നേപ്പാള്‍, പുതുക്കിയ ഭൂപടം പാഠപുസ്തകത്തിലും പുതുതായി അച്ചടിക്കുന്ന കറന്‍സിയിലും ഉള്‍പ്പെടുത്തി

വിദ്യാഭ്യാസ മേഖലയിലും വ്യാപാര രംഗത്തും പുതുക്കിയ ഭൂപടം പരമാവധി പ്രചരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ, ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിംപിയാധുര, ലിപുലേഖ് പ്രദേശങ്ങള്‍ സ്വന്തം ഭൂപടത്തില്‍ രേഖപ്പെടുത്തിയതിനു പിന്നാലെ പുതുക്കിയ ഭൂപടം പാഠപുസ്തകത്തിലും പുതുതായി അച്ചടിക്കുന്ന കറന്‍സിയിലും ഉള്‍പ്പെടുത്തി ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ക്കായുള്ള അവകാശവാദം നേപ്പാള്‍ സജീവമാക്കുന്നു.
ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഇതിനകം തന്നെ പുതിയ ഭൂപടം ഉള്‍പ്പെടുത്തി പുസ്തകം തയാറാക്കി നല്‍കിയതായും പുതിയ അധ്യയന വര്‍ഷത്തിലെ പാഠപുസ്തകങ്ങളില്ലെല്ലാം തന്നെ പുതുക്കിയ ഭൂപടം അച്ചടിച്ചു നല്‍കുമെന്നും നേപ്പാള്‍ വിദ്യാഭ്യാസ മന്ത്രി ഗിരിരാജ് മനി പൊഖ്‌റിയാല്‍ അറിയിച്ചു. പാഠ്യ ഭാഗത്തിന് ആമുഖം തയാറാക്കിയിരിക്കുന്നത് വിദ്യാഭ്യാസ മന്ത്രി തന്നെയാണ്. നേപ്പാളിന്റെ ഭൂപ്രദേശങ്ങളും രാജ്യാന്തര അതിര്‍ത്തിയും ഉള്‍പ്പെടുത്തിയുള്ള ഭൂപടം എന്ന നിലയിലാണ് പുതുക്കിയ ഭൂപടം വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുന്നത്.
ഇന്ത്യയുടെ ഭാഗമായ ഉത്തരാഖണ്ഡിലുള്ള കാലാപാനി, ലിപുലേഖ് , ലിംപിയാധുര എന്നിവിടങ്ങള്‍ തങ്ങളുടേതാക്കി ഭൂപടം പരിഷ്‌കരിക്കാനുള്ള ഭരണഘടനാ ഭേദഗതി നേപ്പാള്‍ പാര്‍ലമെന്റിന്റെ അധോസഭയായ ജനപ്രതിനിധിസഭ കഴിഞ്ഞ ജൂണിലാണ് ഏകകണ്ഠമായി പാസാക്കിയത്. ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിംപിയാധുര, ലിപുലേഖ് പ്രദേശങ്ങള്‍ എന്തു വില കൊടുത്തും നേപ്പാള്‍ തിരികെ കൊണ്ടുവരുമെന്നു നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി വെല്ലുവിളിച്ചിരുന്നു.
ഇന്ത്യയുമായുള്ള പടിഞ്ഞാറന്‍ അതിര്‍ത്തി നിര്‍വചിക്കാന്‍ ബ്രിട്ടിഷ് കൊളോണിയല്‍ ഭരണാധികാരികളുമായി ഏര്‍പ്പെട്ട 1816-ലെ സുഗൗളി ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ലിപുലേഖ് പാസില്‍ നേപ്പാള്‍ അവകാശമുന്നയിക്കുന്നത്. ഇന്ത്യയും നേപ്പാളും 1,800 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. 1962-ലെ ഇന്ത്യ-ചൈന യുദ്ധം മുതല്‍ ഇന്ത്യന്‍ സൈനികരെ അവിടെ വിന്യസിച്ചിട്ടുണ്ടെങ്കിലും ലിംപിയാധുര, കാലാപാനി മേഖലകള്‍ തന്ത്രപ്രധാനമായ പ്രദേശങ്ങളാണെന്നാണ് നേപ്പാളിന്റെ അവകാശ വാദം.
https://www.facebook.com/Malayalivartha
























