അര്‍ണാബ് ഗോസ്വാമിയെ ചോദ്യം ചെയ്യാനൊരുങ്ങി മുംബൈ പൊലീസ്

മാധ്യമപ്രവർത്തകൻ അര്‍ണാബ് ഗോസാമിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ടിവി റേറ്റിംഗില്‍ കൃത്രിമത്വം കാണിച്ചതായി മുംബൈ പോലീസ്. മൂന്ന് ചാനലുകള്‍ കൃത്രിമത്വം കാണിച്ചതായി തെളിഞ്ഞതായി മുംബൈ പോലീസ് പറഞ്ഞു. ഫാക്ട് മറാത്തി, ബോക്‌സ് സിനിമ എന്നീ ചാനലുകൾക്കെതിരെയും കേസെടുത്തു . ഈ ചാനലുകളുടെ ഉടമകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി റിപ്പബ്ലിക് ടിവിയിലുള്ളവരെ ഇന്നോ നാളെയോ ചോദ്യം ചെയ്യും.
ഈ ചാനലുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുമെന്ന് മുംബൈ പോലീസ് മേധാവി പരംബീര്‍ സിങ് പറഞ്ഞു. റേറ്റിംഗില്‍ കൃത്രിമത്വം നടത്തി പരസ്യ വരുമാനം നേടിയതടക്കം അന്വേഷിക്കും. കുറ്റകൃത്യം നടന്നുവെന്ന് വ്യക്തമായാല്‍ ചാനലിന്റെ ബാങ്ക് അകൗണ്ടുകള്‍ മരവിപ്പിക്കുന്നതടക്കമുള്ള കടുത്ത നടപടികളുണ്ടാകുമെന്ന് പരമവീര്‍ സിംഗ് വ്യക്തമാക്കി.
വീടുകളില്‍നിന്ന് ലഭിച്ച ഡാറ്റ ഉപയോഗിച്ചാണ് ചാനലുകൾ ടി.ആര്‍.പിയില്‍ കൃത്രിമം നടത്തിയത്. ഇവയ്ക്ക് അനധികൃത പരസ്യഫണ്ട് ലഭിച്ചിരുന്നു. ഇത് വഞ്ചനാക്കുറ്റമായി പരിഗണിക്കും.
ഒരു പ്രത്യേക ചാനല്‍ എത്രയാളുകള്‍ കാണുന്നു എന്ന് കണക്കാക്കുന്നതിനുള്ള സംവിധാനമാണ് ടി.ആര്‍.പി. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ അഥവ BARC ആണ് ഇന്ത്യയില്‍ ചാനലുകളുടെ ടി.ആര്‍.പി. കണക്കാക്കുന്നത്. ഇതിനായി ബാരോമീറ്റര്‍ എന്ന ഉപകരണമാണ് ഉപയോഗിക്കുന്നത്.
രാജ്യത്താകെ മുപ്പതിനായിരത്തില്‍ അധികം ബാരോമീറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ രണ്ടായിരത്തോളം ബാരോമീറ്ററുകൾ സ്ഥാപിച്ചിരിക്കുന്നത് മുംബൈയിലാണ്. ബാരോമീറ്ററുകള്‍ സ്ഥാപിക്കുന്ന പ്രദേശം സാധാരണയായി രഹസ്യമായി സൂക്ഷിക്കുകയാണ് പതിവ്. എന്നാൽ എവിടെയൊക്കെയാണ് ബാരോമീറ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് ബാരോമീറ്ററുകള്‍ സ്ഥാപിക്കുകയും അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതും ഹന്‍സ എന്ന ഏജന്‍സിയുടെ ചില മുന്‍ജീവനക്കാര്‍ ചാനലുകളോട് വെളിപ്പെടുത്തിയതായി അന്വേഷണത്തില്‍ വ്യക്തമായി. ബാരോമീറ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നിടത്തെ വീട്ടുകാര്‍ക്ക് തങ്ങളുടെ ചാനലുകള്‍ കാണാന്‍ ആരോപണ വിധേയരായ സ്ഥാപനങ്ങള്‍ പണം നല്‍കിയിരുന്നതെന്നും പരംബീര്‍ സിങ് സിങ് വ്യക്തമാക്കി.
അതേസമയം പരംവീര്‍ സിങ്ങിന്റെ ആരോപണങ്ങള്‍ റിപ്പബ്ലിക് ടി.വി. നിഷേധിച്ചു. അടിസ്ഥാന രഹിതമായ ആരോപണത്തിൽ മുംബൈ പോലീസ് കമ്മീഷണര്‍ മാപ്പു പറയണമെന്നും റിപ്പബ്ലിക് ടിവിയ്‌ക്കെതിരെ പരംബീര്‍ സിങ് തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുകയാണെന്നും അര്‍ണാബ് ഗോസ്വാമി പറഞ്ഞു.
https://www.facebook.com/Malayalivartha























