തബ്ലീഗ് ജമാഅത്തിനെതിരെ വന്ന വാര്‍ത്തകള്‍ : അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗിക്കപ്പെടുന്നെന്ന് കോടതി

കോവിഡ് വ്യാപനത്തിന്റെ പേരില്‍ തബ്ലീഗ് ജമാഅത്തിനെതിരെ വന്ന വാര്‍ത്തകള്‍ ചോദ്യം ചെയ്തു ജമിയത്ത് ഉലമ ഹിന്ദ് നല്‍കിയ ഹര്‍ജി പരിഗണിക്കവേ അഭിപ്രായ സ്വാതന്ത്ര്യമാവാം സമീപകാലത്തായി ഏറ്റവും കൂടുതല്‍ ദുരുപയോഗിക്കപ്പെടുന്നതെന്നു ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അഭിപ്രായപ്പെട്ടു.
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നല്‍കിയ സത്യവാങ്മൂലത്തില്‍, അഭിപ്രായസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാനുള്ള ശ്രമമാണ് ഹര്‍ജിയന്ന് കാണിച്ചിരുന്നു. ഇതു ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍, ആര്‍ക്കും എന്തു വാദവും ഉന്നയിക്കാമെന്നും അഭിപ്രായസ്വാതന്ത്ര്യം ദുരുപയോഗിക്കപ്പെടുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്നാല്‍, സത്യവാങ്മൂലത്തിലുള്ളതു മന്ത്രാലയത്തിന്റെ അഭിപ്രായമാണെന്നു സോളിസിറ്റര്‍ ജനറല്‍ (എസ്ജി) തുഷാര്‍ മേത്ത ന്യായീകരിച്ചു.
തട്ടിക്കൂട്ടിയുള്ള സത്യവാങ്മൂലമാണു കേന്ദ്രം നല്‍കിയതെന്നും മോശമായ റിപ്പോര്‍ട്ടിങ്ങിന്റെ ഉദാഹരണങ്ങള്‍ പോലും പരാമര്‍ശിച്ചിട്ടില്ലെന്നും കോടതി വിമര്‍ശിച്ചു. ഏതോ ജൂനിയര്‍ സെക്രട്ടറിയുടേതാണ് സത്യവാങ്മൂലം. ശുദ്ധ അസംബന്ധങ്ങളാണ് എഴുതിവച്ചിട്ടുള്ളത്. ഹര്‍ജിക്കാരുടെ വാദത്തോടു യോജിക്കുന്നില്ലെന്നു നിങ്ങള്‍ക്കു പറയാം. പക്ഷേ, മോശമായ റിപ്പോര്‍ട്ടിങ്ങിന്റേതായ സംഭവങ്ങള്‍ വ്യക്തമാക്കിയിട്ടില്ലെന്നു പറയുന്നതെങ്ങനെയെന്ന് കോടതി ചോദിച്ചു.
https://www.facebook.com/Malayalivartha























