ഇന്ന് ലോക തപാല്‍ദിനം: ഹൈടെക്കായി മാറുന്നു തപാല്‍ സംവിധാനങ്ങള്‍

ഇന്ന് ലോക തപാല്‍ദിനം. 1874-ല്‍ രാജ്യാന്തര തപാല്‍ യൂണിയന്റെ ആഹ്വാന പ്രകാരമാണ് ഒകേ്ടാബര്‍ 9 ലോക തപാല്‍ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.
ഇന്നു ലോക തപാല്‍ ദിനം ആഘോഷിക്കുമ്പോള്‍ രാജ്യത്തെ പോസ്റ്റ് ഓഫീസുകളും പുതിയ മുഖം സ്വീകരിച്ചുകഴിഞ്ഞു. കാലത്തിനൊത്ത് ഹൈടെക്കായി മാറുകയാണ് തപാല്‍ സംവിധാനങ്ങള്‍. ഇന്ത്യയില്‍ ഒക്ടോബര്‍ 10-നാണ് ദേശീയ തപാല്‍ ദിനം.
തപാല്‍ വകുപ്പ് ജനങ്ങളുടെ ദൈനംദിന ജീവിതമായി ബന്ധപ്പെട്ട നിരവധി മേഖലകളിലേക്ക് സേവനങ്ങള്‍ വ്യാപിപ്പിച്ചത് കത്തിടപാടുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുകള്‍ വന്നപ്പോഴാണ്. ചെറുതും വലുതുമായ നിക്ഷേപ പദ്ധതികള്‍, ഇന്‍ഷുറന്‍സ് സ്കീമുകള്‍, പെന്ഷന് പദ്ധതികള്‍, ആധാര്‍ സേവനങ്ങള്‍, പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍, റിസര്‍വ് ബാങ്കിന്റെ ഗോള്‍ഡ് ബോണ്ടുകള്‍, സ്വന്തം ഫോട്ടോ പതിച്ച സ്റ്റാമ്പ് പുറത്തിറക്കുന്ന മൈസ്റ്റാമ്പ് പദ്ധതി, പരസ്യ പ്രചാരങ്ങള്‍ക്കുള്ള ഡയറക്ട് പോസ്റ്റ്, മീഡിയ പോസ്റ്റ് തുടങ്ങി ഒട്ടനവധി സേവനങ്ങള്‍. ഇവയ്ക്കു പുറമെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ പ്രവര്‍ത്തനം ഡിജിറ്റല്‍ ലോകത്തേക്കുള്ള പുതിയ കാല്‍വയ്പ്പാണ്.
തപാല്‍ വകുപ്പും ഹൈടെക്കായി മാറിക്കഴിഞ്ഞു. കോവിഡ് കാലത്ത് തപാല്‍ വകുപ്പിന്റെ സേവനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിരുന്നു. ലോക്ക്ഡൗണ്‍ സമയത്ത് രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ എത്തിക്കുന്നതിന് കേരളത്തിലടക്കം പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ക്ഷേമപെന്‍ഷനുകള്‍ വീട്ടിലെത്തിക്കുന്ന സംവിധാനം നടപ്പിലാക്കി.
ഇതുകൂടാതെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ബാങ്ക് അക്കൗണ്ടില്‍നിന്നും പോസ്റ്റ്മാന് പണം വീടുകളിലെത്തി പിന്‍വലിച്ചു നല്കുന്ന എ.ഇ.പി.എസ്. സംവിധാനം നടപ്പിലാക്കി. കോവിഡ് കാലത്ത് ബാങ്കുകളിലും എ.ടി.എം. കൗണ്ടറുകളിലും പോയി ക്യൂനില്‍ക്കാതെ വീട്ടിലിരുന്നു തന്നെ പണം പിന്‍വലിക്കാന്‍ സാധിച്ചത് ജനങ്ങള്‍ക്ക് പ്രയോജനപ്രദമായി.
അക്ഷയ കേന്ദ്രങ്ങളിലും ജനസേവന കേന്ദ്രങ്ങളിലുമെല്ലാം ലഭിക്കുന്ന മിക്ക സേവനങ്ങളും ലഭിക്കുന്ന കോമണ്‍ സര്‍വീസ് സെന്ററുകളുടെ പ്രവര്‍ത്തനം കേരളത്തിലെ ഹെഡ് പോസ്റ്റ് ഓഫീസുകളില്‍ ആരംഭിച്ചു കഴിഞ്ഞു. ഉടന്‍ തന്നെ തെരഞ്ഞെടുത്ത സബ് പോസ്റ്റ് ഓഫീസുകളിലേക്കു കൂടി ഈ സേവനം വ്യാപിപ്പിക്കും.
https://www.facebook.com/Malayalivartha