കൊല്‍ക്കത്തയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ ബംഗാള്‍ പോലീസ് ജല പീരങ്കിയില്‍ രാസവെള്ളം പ്രയോഗിച്ചുവെന്ന് ബി.ജെ.പി

കൊല്‍ക്കത്തയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ പശ്ചിമ ബംഗാള്‍ പോലീസ് രാസ വെള്ളം പ്രയോഗിച്ചുവെന്ന് ബി.ജെ.പി ആരോപണം. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയാണ് ട്വിറ്ററിലൂടെ ആരോപണം ഉന്നയിച്ചത്. ബംഗാളിന്‍െ്റ സമ്പന്നമായ പാരമ്പര്യം സംരക്ഷിക്കാനുള്ള പോരാട്ടം ബി.ജെ.പി തുടരുമെന്നും നദ്ദ പറഞ്ഞു.
ബി.ജെ.പി പ്രവര്‍ത്തകരെ മമതാ ബാനര്‍ജിയുടെ പാര്‍ട്ടി പ്രവര്‍ത്തകരും സര്‍ക്കാര്‍ സംവിധാനവും ക്രൂരമായി വേട്ടയാടുകയാണെന്ന് പാര്‍ട്ടി ആരോപിച്ചു. മമത അധികാരദുര്‍വിനിയോഗം നടത്തുകയാണ്. ബി.ജെ.പി, ബംഗാള്‍ ജനതയ്ക്കൊപ്പം നില്‍ക്കുന്നു. യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന്റെ ശക്തിയാല്‍ മമതാ ബാനര്‍ജി സെക്രട്ടറിയേറ്റ് അടയ്ക്കാന്‍ നിര്‍ബന്ധിതയായിരിക്കുകയാണ്. മമതാ ബാനര്‍ജിയില്‍ പൊതുജനവിശ്വാസം നഷ്ടപ്പെട്ടതിന്റെ തെളിവാണിതെന്നും ബി.ജെ.പി ആരോപിച്ചു.
യുവമോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് അനുമതി ഉണ്ടായിരുന്നില്ലെന്നും ഓരോ റാലിയിലും 25000 പേര്‍ അടങ്ങുന്ന നിരവധി റാലികള്‍ക്ക് അനുമതി തേടിയാണ് അപേക്ഷ നല്‍കിയതെന്നും അത് അനുവദിക്കുന്നത് ലോക്ക്ഡൗണ്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമാകുമായിരുന്നുവെന്നും ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായ അറിയിച്ചു. അതേസമയം ജല പീരങ്കിയുമായി ബന്ധപ്പെട്ട ബി.ജെ.പിയുടെ ആരോപണം ബംഗാള്‍ ചീഫ് സെക്രട്ടറി നിരസിച്ചു. ജല പീരങ്കിയില്‍ രാസവെള്ളം ഉപയോഗിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























