ആ ചിത്രം ഹത്രസിലെ പെണ്‍കുട്ടിയുടേതല്ല, ചിത്രം ഷെയര്‍ ചെയ്യരുത്, പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളുടെ ചിത്രം പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്!

സമൂഹമാധ്യമങ്ങളില്‍ ഹത്രസ് പെണ്‍കുട്ടിയുടേത് എന്ന രീതിയില്‍ ഒരുചിത്രം പ്രചരിക്കുന്നുണ്ട്. ഇന്ത്യയുടെ മനസ്സിനെ പൊള്ളിച്ച ആ സംഭവത്തിലെ പെണ്‍കുട്ടി നമ്മുടെയെല്ലാം വേദനയാണ്. അവള്‍ക്കു നീതി ലഭിക്കണമെന്നു നമ്മളെല്ലാം ആഗ്രഹിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ ആ ചിത്രം നമ്മളാരും ഷെയര്‍ ചെയ്യരുത്. ആ ചിത്രം ആരുടേതാണെന്ന് അറിയില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം തന്നെ മാധ്യമങ്ങളോടു വെളിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളുടെ ചിത്രം പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.
പുതുച്ചേരി മുഖ്യമന്ത്രി ഈ ചിത്രത്തിനു മുന്‍പില്‍ ആദരാഞ്ജലി അര്‍പ്പിക്കുക മാത്രമല്ല, ആ ചടങ്ങിന്റെ ചിത്രം ട്വീറ്റ് ചെയ്യുകയും ചെയ്തു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും രാഷ്ട്രീയകക്ഷികളും സംഘടനകളും അവരുടെ പ്രതിഷേധ പരിപാടികളില്‍ ഈ ചിത്രം വച്ചു ഫ്‌ലെക്‌സുകളും പോസ്റ്ററുകളുമടിച്ചു.
കുറ്റകൃത്യങ്ങള്‍ക്കിരയാകുന്ന കുട്ടികളുടെയും പീഡനങ്ങള്‍ക്കും മറ്റും ഇരകളാകുന്ന സ്ത്രീകളുടെയും ചിത്രങ്ങളോ വിഡിയോകളോ പ്രചരിപ്പിക്കുന്നതു നിയമവിരുദ്ധമാണ്. ഒരു ഏജന്‍സിയും അത്തരം ചിത്രങ്ങള്‍ പുറത്തുവിടില്ല. അപ്പോള്‍, നമ്മുടെ വാട്‌സാപ്പില്‍ വരുന്നവ വ്യാജമാണെന്ന് ഉറപ്പിക്കാം.
പെണ്‍കുട്ടികള്‍ക്കു നേരെ അതിക്രമമുണ്ടാകുമ്പോള്‍ ഇത്തരം പ്രചാരണങ്ങള്‍ പതിവാണ്. ഡല്‍ഹിയിലെ നിര്‍ഭയയുടെ ചിത്രമെന്ന പേരില്‍ പല വ്യാജചിത്രങ്ങളും അക്കാലത്തു പ്രചരിച്ചു. ചിത്രങ്ങള്‍ മാത്രമല്ല, പെണ്‍കുട്ടികളുടേതെന്ന പേരില്‍ വിഡിയോകളും ഫോണുകളിലൂടെ ഷെയര്‍ ചെയ്യപ്പെടും.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഹത്രസിലേക്കുള്ള യാത്രാമധ്യേ യുപി പൊലീസ് തടഞ്ഞതും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുമെല്ലാം മാധ്യമങ്ങളില്‍ വന്നതാണല്ലോ. ഡല്‍ഹി - യുപി അതിര്‍ത്തിയിലെ നോയിഡയില്‍ പൊലീസ് രാഹുലിനെ തള്ളിവീഴ്ത്തുന്ന ദൃശ്യങ്ങളും നമ്മള്‍ കണ്ടു. ഇതിനിടെ, ഒരു വിഡിയോ വാട്‌സാപ്പില്‍ പ്രചരിക്കാന്‍ തുടങ്ങി. രാഹുല്‍ ഗാന്ധിയെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്യുന്നു എന്ന കുറിപ്പോടെയാണ് ആ വീഡിയോ. പൊലീസ് ഉദ്യോഗസ്ഥരോട് ഒരാള്‍ സംസാരിക്കുന്നതും ഒടുവില്‍ അവര്‍ അയാളെ വലിച്ചിഴച്ചു കൊണ്ടുപോകുന്നതുമൊക്കെയാണ് വിഡിയോയില്‍ ഉള്ളത്്.
വിഡിയോയിലെ ആ വ്യക്തി ഒറ്റനോട്ടത്തില്‍ രാഹുല്‍ ഗാന്ധിയാണെന്നു തോന്നുമെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എ അജയ് ദത്തയാണ്. ഡല്‍ഹിയിലെ ആശുപത്രിയില്‍ ഹത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ സഹായിക്കാന്‍ പോയപ്പോള്‍ എംഎല്‍എയെ പൊലീസ് കയ്യേറ്റം ചെയ്യുന്നതാണു വിഡിയോ.
ഇതുപോലെ ഒട്ടേറെ വ്യാജവിവരങ്ങളും വിഡിയോകളും ഹത്രസ് സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട് എന്നറിയണം. കൈയ്യിലെത്തുന്നതെല്ലാം വിശ്വസിക്കുന്നതിനും ഷെയര്‍ ചെയ്യുന്നതിനും മുന്‍പ് സത്യാവസ്ഥ പരിശോധിക്കണം.
https://www.facebook.com/Malayalivartha























