ഹിന്ദിയില്‍ സംസാരിച്ച ജ്വല്ലറി ഉടമയോട് മറാത്തിയില്‍ പറയാന്‍ എഴുത്തുകാരി ശോഭ ദേശ്പാണ്ഡെ നിര്‍ബന്ധം പിടിച്ചു, വിസമ്മതിച്ചതിന് ജ്വല്ലറിക്കു മുമ്പില്‍ സമരം

മുംബൈ കൊളാബയിലെ ഒരു ജ്വല്ലറി ഉടമ മറാത്തി ഭാഷ സംസാരിക്കാന്‍ വിസമ്മതിക്കുകയും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്‌തെന്നാരോപിച്ച് കടയ്ക്കു മുന്‍പില്‍ എഴുത്തുകാരി ശോഭ ദേശ്പാണ്ഡെയുടെ ഒറ്റയാള്‍ പ്രതിഷേധം. ജ്വല്ലറിക്കു മുന്നില്‍ വ്യാഴാഴ്ച ശോഭ തുടങ്ങിയ സമരം 20 മണിക്കൂറിലേറെ നീണ്ടു.
ഒരു ജോടി കമ്മല്‍ വാങ്ങാനായി ജ്വല്ലറിയില്‍ എത്തിയ ശോഭയോട് ജ്വല്ലറി ഉടമ ഹിന്ദിയില്‍ സംസാരിച്ചപ്പോള്‍ മറാത്തിയില്‍ പറയാന്‍ ശോഭ നിര്‍ബന്ധം പിടിച്ചു. വിമ്മതിച്ച കടയുടമ ശങ്കര്‍ലാല്‍ ജെയ്ന്‍ കടയില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടെന്നു ശോഭ ആരോപിക്കുന്നു. പൊലീസിനെ വിളിച്ചെങ്കിലും അവര്‍ ജ്വല്ലറി ഉടമയുടെ ഭാഗത്തുനിന്നാണു സംസാരിച്ചത്. തുടര്‍ന്നാണു ജ്വല്ലറിക്കു പുറത്തെ ഫുട്പാത്തില്‍ സമരം തുടങ്ങിയതെന്നു ശോഭ പറഞ്ഞു.
രാജ് താക്കറെ നയിക്കുന്ന മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ (എംഎന്‍എസ്) പിന്തുണയും സമരത്തിനു ലഭിച്ചു. മറാത്തി പഠിക്കുന്നതുവരെ കട തുറക്കാനാവില്ലെന്നു മുന്നറിയിപ്പു നല്‍കിയ എംഎന്‍എസ് പ്രവര്‍ത്തകര്‍, കടയുടമ ശങ്കര്‍ലാല്‍ ജെയ്‌നിന്റെ മുഖത്തടിച്ചതായും ആരോപണമുണ്ട്. രാത്രിയിലും സമരം തുടര്‍ന്നു. സമരം മണിക്കൂറുകള്‍ പിന്നിട്ടതോടെ വെള്ളിയാഴ്ച ജ്വല്ലറി ഉടമ എഴുത്തുകാരിയോടു മാപ്പ് പറയുകയായിരുന്നു. പൊലീസ് ശോഭയെ ആശുപത്രിയിലേക്കു മാറ്റി.
https://www.facebook.com/Malayalivartha























