സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ അതിവേഗം നടപടിയെടുക്കണം; കര്‍ശന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍; നിര്‍ദേശം ഹാത്രസ് പോലുള്ള സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍; കേന്ദ്ര സഹായത്തിന് സംസ്ഥാനങ്ങള്‍ക്ക് ഐ.ടി.എസ്.എസ്.ഒ പോര്‍ട്ടലില്‍ ബന്ധപ്പെടാം

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ അതിവേഗം നടപടിയെടുക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പരാതി കിട്ടിയാലുടന്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നു.
പരാതി ലഭിച്ചാല്‍ രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. ഹാത്രസ് പീഡനക്കേസ് അന്വേഷണത്തില്‍ യുപി പോലീസ് കൃത്യവിലോപം കാണിച്ചെന്ന് ഗുരുതര വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് സംസ്ഥാനങ്ങള്‍ പോലീസിന് നിര്‍ദേശം നല്‍കണം. കുറ്റവാളികള്‍ക്കെതിരെ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണം.
സ്ത്രീകള്‍ക്കെതിരായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിയമനിര്‍മ്മാണ വ്യവസ്ഥകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ വര്‍ഷങ്ങളായി സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം പറയുന്നു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളില്‍ എന്തെങ്കിലും വീഴ്ചകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, അന്വേഷണം നടത്തുകയും അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും വേണമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ഇരകളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം. ഇത്തരം കേസുകളില്‍ അന്വേഷണത്തിനു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ സഹായം വേണമെങ്കില്‍ അതിനായി സജ്ജമാക്കിയ ഐടിഎസ്എസ്ഒ പോര്‍ട്ടല്‍ വഴി സഹായം തേടണമെന്നും ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha























