ത്രിപുരയില്‍ മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവിനെ നീക്കണമെന്ന ആവശ്യവുമായി ബി ജെ പി-യില്‍ കലാപം

ത്രിപുരയില്‍ മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവിന്റെ ഏകാധിപത്യ നടപടികളെ എതിര്‍ക്കുന്ന 25 എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ നീക്കണമെന്ന ആവശ്യവുമായി രംഗത്ത്. ഇതില്‍ 12 പേര്‍ ഡല്‍ഹിയില്‍ കേന്ദ്രനേതൃത്വത്തെ കാണാനെത്തിയിട്ടുണ്ട്.
ഇവരുടെ ആവശ്യം ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് നിരാകരിച്ചെങ്കിലും എംഎല്‍എമാര്‍ ഡല്‍ഹിയില്‍ തുടരുകയാണ്. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയെ കാണാന്‍ അനുമതി തേടിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെയും കാണുമെന്ന് വിമതരില്‍ ഒരാള്‍ പറഞ്ഞു.
മോദിയെയും അമിത് ഷായെയും വിശ്വാസമാണെന്നു വിമതര്‍ ആവര്‍ത്തിക്കുന്നു. കോണ്‍ഗ്രസ് വിട്ടു വന്ന മുന്‍ ആരോഗ്യമന്ത്രി സുദീപ് റോയ് ബര്‍മന്‍, മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കൂടിയായിരുന്ന സുശാന്ത് ചൗധരി എന്നിവരുടെ നേതൃത്വത്തിലാണ് പടയൊരുക്കം. പോരാട്ടം ബിജെപി ആശയങ്ങളോടല്ല. പാര്‍ട്ടിയും സര്‍ക്കാരും നേരായ ദിശയിലല്ല പോകുന്നത്. ഇതു കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയാണ് ഉദ്ദേശ്യം- ചൗധരി പറഞ്ഞു.
ബര്‍മനെ കഴിഞ്ഞ വര്‍ഷം ആരോഗ്യമന്ത്രി സ്ഥാനത്തു നിന്നു നീക്കിയിരുന്നു. ഇതടക്കം 24 വകുപ്പുകള്‍ മുഖ്യമന്ത്രി തന്നെയാണ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. 36 എംഎല്‍എമാരില്‍ 25 പേരും മുഖ്യമന്ത്രിയുടെ ഏകാധിപത്യ നടപടികളെ എതിര്‍ക്കുന്നവരാണ്.ബിജെപി സര്‍ക്കാരിന് ഐപിഎഫ്ടിയുടെ പിന്തുണയുമുണ്ട്.
https://www.facebook.com/Malayalivartha























