പെട്രോള്‍ ഒഴിച്ചു കത്തിച്ച മുന്‍ കാമുകനെ കത്തിപ്പടരുന്ന തീയുമായി യുവതി കെട്ടിപ്പിടിച്ചു; ഇരുവരും മരണത്തിനു കീഴടങ്ങി

വിജയവാഡയിലെ കോവിഡ് കെയര്‍ സെന്ററിലെ നഴ്സായ 24 വയസുകാരിയെ പെട്രോള്‍ ഒഴിച്ചു കത്തിച്ച ശേഷം, രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ യുവതി ചേര്‍ത്തുപിടിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും മരണത്തിനു കീഴടങ്ങി. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. 80 ശതമാനത്തോളം പൊള്ളലേറ്റ യുവാവ് ഗുണ്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണു മരിച്ചത്.
യുവാവിനെ പ്രകോപിപ്പിച്ചത് നാലു വര്‍ഷം നീണ്ട പ്രണയം അവസാനിപ്പിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതാണ്. യുവതിയുടെ ആവശ്യം തള്ളിയ ഇയാള്‍ വിവാഹാഭ്യര്‍ഥനയുമായി നിരന്തരം ശല്യം ചെയ്തു.
ഒടുവില്‍ യുവതി വിജയവാഡയിലെ ഗവര്‍ണര്‍പേട്ട് പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ അഞ്ചിന് യുവാവിനെതിരേ പരാതി നല്‍കി. ഇനി ശല്യപ്പെടുത്തില്ലെന്ന് സ്റ്റേഷനില്‍വച്ചു യുവാവ് നല്‍കിയ ഉറപ്പില്‍ യുവതി പരാതി പിന്‍വലിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി യുവതിയുടെ താമസസ്ഥലത്തെത്തിയ ഇയാള്‍ പരാതി നല്‍കിയതിനെച്ചൊല്ലി വഴക്കുണ്ടാക്കി. തര്‍ക്കത്തിനിടെ കുപ്പിയില്‍ കൊണ്ടുവന്ന പെട്രോള്‍ എടുത്ത് യുവതിക്കുമേല്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. എന്നാല്‍, രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ യുവതി ചേര്‍ത്ത് പിടിച്ചു. അതോടെ ഇരുവര്‍ക്കുമേലും തീപടരുകയായിരുന്നു.
നിലവിളി കേട്ട് എത്തിയ അയല്‍വാസികള്‍ തീയണച്ചശേഷമാണ് ഇരുവരെയും വേര്‍പെടുത്തിയത്. യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു.
https://www.facebook.com/Malayalivartha























