വയോധികനെ മരിക്കാനായി കുടുംബം മൊബൈല്‍ മോര്‍ച്ചറിയില്‍ ഇട്ടു!

ശൂരമംഗലം കന്തംപട്ടിയില്‍ ഓള്‍ഡ് ഹൗസിങ് ബോര്‍ഡ് ഭാഗത്തു താമസിക്കുന്ന എഴുപത്തിനാലുകാരനെ ബന്ധുക്കള്‍ ജീവനോടെ ഫ്രീസറിലാക്കി.
ബാലസുബ്രഹ്മണ്യകുമാര്‍ എന്നയാളിനെയാണ് മൃതദേഹം സൂക്ഷിക്കുന്ന ഫ്രീസറില്‍ മണിക്കൂറുകളോളം കിടത്തിയത്. ഇദ്ദേഹത്തിന്റെ സഹോദരനും സഹോദരിയുടെ മക്കള്‍ക്കുമെതിരെ കേസെടുത്തു. ഇവര്‍ക്കു മനോദൗര്‍ബല്യമുള്ളതായി പൊലീസ് അറിയിച്ചു.
ബാലസുബ്രഹ്മണ്യകുമാര്‍ ബന്ധുക്കളോടൊപ്പം ഒരു വീട്ടിലായിരുന്നു താമസം. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് അദ്ദേഹത്തെ അടുത്തിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തിരികെ വീട്ടിലെത്തിച്ചെങ്കിലും കിടപ്പിലായി. പരിചരിക്കാന്‍ ആളില്ലാതായതോടെ തിങ്കളാഴ്ച വൈകിട്ട് സഹോദരന്‍ ഫ്രീസര്‍ വരുത്തുകയായിരുന്നെന്നു പൊലീസ് അറിയിച്ചു. ഫ്രീസറില്‍ കിടത്തിയ ശേഷം അയല്‍വാസികളോട് അദ്ദേഹം മരിച്ചതായി അറിയിച്ചു.
എട്ടു മണിക്കൂറോളം കഴിഞ്ഞ് എത്തിയ ബന്ധുക്കളും അയല്‍വാസികളുമാണ് ഫ്രീസറിനുള്ളില്‍ അനക്കമുള്ളതായി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. എന്നാല്‍, സഹോദരന്‍ ആരെയും വീട്ടിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. പൊലീസ് ആംബുലന്‍സുമായി എത്തി ബാലസുബ്രഹ്മണ്യന്‍കുമാറിനെ സേലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























