ഖലിസ്ഥാന്‍ പ്രസ്ഥാന കാലത്ത് ഭീകരതയ്‌ക്കെതിരെ പോരാടിയ ശൗര്യചക്ര ജേതാവ് ബല്‍വീന്ദറിനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു

ഖലിസ്ഥാന്‍ പ്രസ്ഥാന കാലത്ത് പഞ്ചാബില്‍ ഭീകരവാദത്തിനെതിരെ പോരാടിയ ബല്‍വീന്ദര്‍ സിങ് സന്തു(62)വിനെ ബൈക്കിലെത്തിയ 2 അജ്ഞാതര്‍ വെടിവച്ചു കൊന്നു. ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പഞ്ചാബിലെ തരണ്‍ താരണ്‍ ജില്ലയിലെ ബിക്കിവിന്ദില്‍ ബല്‍വീന്ദറിന്റെ ഓഫിസില്‍ കടന്നാണ് ആക്രമിച്ചത്.
1980-കളില്‍ ഭീകരതയുടെ കേന്ദ്രമായിരുന്ന തരണ്‍ താരണില്‍ അതിനെതിരെ പോരാടാന്‍ സഹോദരങ്ങളെയും ഭാര്യയെയും മക്കളെയും ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലിപ്പിച്ചിരുന്നു അദ്ദേഹം. കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തി പ്രതിരോധ സേനും രൂപീകരിച്ചിരുന്നു ബല്‍വീന്ദര്‍. കമ്യൂണിസ്റ്റ് ആശയങ്ങളില്‍ വിശ്വസിച്ചിരുന്ന ബല്‍വീന്ദറിന്റെ ഭീകരവിരുദ്ധ പോരാട്ടം അക്കാലത്ത് രാജ്യാന്തര മാധ്യമങ്ങളിലും വാര്‍ത്തയായിരുന്നു.
ബല്‍വീന്ദറിനും കുടുംബത്തിനുമെതിരെ പലതവണ ആക്രമണമുണ്ടായിട്ടുണ്ടെന്നു ബന്ധുക്കള്‍ പറഞ്ഞു. സുരക്ഷ നല്‍കണമെന്നു പൊലീസിനോട് പലതവണ അഭ്യര്‍ഥിച്ചെങ്കിലും നിരസിക്കപ്പെട്ടുവെന്നും അവര്‍ ആരോപിച്ചു. ദീര്‍ഘകാലമായി വധഭീഷണിയുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിനും കുടുംബത്തിനുമുള്ള സുരക്ഷ തരണ്‍ താരണ്‍ പൊലീസിന്റെ ശുപാര്‍ശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
വീട്ടിലേക്കുള്ള റോഡുകള്‍ തടഞ്ഞ ശേഷം, 1990-ല്‍ 200 പേര്‍ ഇവരുടെ വീട് വളഞ്ഞ് മണിക്കൂറുകളോളം ആക്രമണം നടത്തിയിരുന്നു. റോക്കറ്റ് ലോഞ്ചറുകള്‍ വരെ ഉപയോഗിച്ചാണ് ആക്രമിച്ചത്. ബല്‍വീന്ദറും സഹോദരന്‍ രഞ്ജിത്തും ഭാര്യമാരായ ജഗ്ദീശ് കൗര്‍, ബല്‍രാജ് കൗര്‍ എന്നിവരും സര്‍ക്കാര്‍ നല്‍കിയ തോക്കുകള്‍ ഉപയോഗിച്ച് ഇവരെ നേരിട്ട്, ഓടിച്ചു. 1993-ലാണ് ബല്‍വീന്ദറിന് ശൗര്യ ചക്ര സമ്മാനിച്ചത്. പുരസ്‌കാര പത്രത്തില്‍ ബല്‍വീന്ദറിന്റെയും കുടുംബത്തിന്റെയും ധീരത എടുത്തു പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























