ഹത്രസ് പ്രതിയുടെ വീട്ടില്‍ സിബിഐ നടത്തിയ റെയ്ഡില്‍ രക്തം പുരണ്ട വസ്ത്രം കണ്ടെടുത്തു

സിബിഐ, ഹത്രസ് പ്രതി ലവ്കുശിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്ത ശേഷം വീട്ടില്‍ നടത്തിയ റെയ്ഡില്‍ രക്തം പുരണ്ട വസ്ത്രം കണ്ടെടുത്തു.
എന്നാല്‍, വസ്ത്രം ലവ്കുശിന്റെ സഹോദരന്റേതാണെന്നും അതിലുളളത് ചുവന്ന പെയിന്റ് ആണെന്നും ബന്ധുക്കള്‍ പറഞ്ഞു. അറസ്റ്റിലായ 4 പേരെയും ചോദ്യം ചെയ്യലിനു കസ്റ്റഡിയില്‍ വാങ്ങാന്‍ സിബിഐ നടപടിയാരംഭിച്ചു.
യുപി ആഭ്യന്തര സെക്രട്ടറി ഭഗവാന്‍ സ്വരൂപിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സമിതി (എസ്‌ഐടി) സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി. സമിതി പ്രധാനമായും അന്വേഷിച്ചത് പെണ്‍കുട്ടിയും പ്രതികളും തമ്മില്‍ ഏതെങ്കിലും രീതിയിലുള്ള ബന്ധമുണ്ടോയെന്നാണ്. കേസിലെ മുഖ്യപ്രതി സന്ദീപും പെണ്‍കുട്ടിയുടെ സഹോദരനും 5 മാസത്തിനിടെ നൂറിലേറെ തവണ ഫോണില്‍ സംസാരിച്ചിരുന്നതായി സമിതി മുന്‍പ് പറഞ്ഞിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന സര്‍ക്കാരിനു കൈമാറും. റിപ്പോര്‍ട്ട് സിബിഐയും പരിശോധിക്കും.
കേസ് നടപടികള്‍ യുപിക്ക് പുറത്തേക്ക് മാറ്റണമെന്നും ഹത്രസില്‍ ജീവിക്കാന്‍ ഭയമാണെന്നും ഡല്‍ഹിയിലേക്കു താമസം മാറാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായിക്കണമെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.
അതിനിടെ ഹത്രസില്‍ പീഡനത്തിനിരയായി മരിച്ച ദലിത് പെണ്‍കുട്ടിയുടെ ചിത്രമെന്ന പേരില്‍ മറ്റൊരു സ്ത്രീയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി പരാതി. മരണമടഞ്ഞ തന്റെ ഭാര്യയുടെ ചിത്രം ഇത്തരത്തില്‍ പ്രചരിക്കുന്നെന്ന് ആരോപിച്ചാണ് പരാതിക്കാരന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. പരാതി അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് ജസ്റ്റിസ് നവീന്‍ ചാവ്‌ള നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha























