എന്‍ഡിഎ വിട്ട് ഒറ്റയ്ക്കു മത്സരിക്കുമെന്ന് പറഞ്ഞ ചിരാഗ് പാസ്വാനെതിരെ ബിജെപി ദേശീയ നേതൃത്വം

എന്‍ഡിഎ വിട്ട് ഒറ്റയ്ക്കു മത്സരിക്കുമെന്നു പറഞ്ഞ ചിരാഗ് പാസ്വാനെതിരെ ബിജെപി ദേശീയ നേതൃത്വം. ബിഹാറില്‍ വോട്ടുപിളര്‍ത്തല്‍ രാഷ്ട്രീയമാണ് ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) കളിക്കുന്നതെന്ന് ബിജെപി വക്താവ് സംബിത് പത്ര ആരോപിച്ചു.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, ആഭ്യന്തര മന്ത്രി അമിത്ഷാ എന്നിവര്‍ക്ക് എല്‍ജെപിയുടെ രാഷ്ട്രീയനീക്കങ്ങളറിയാമായിരുന്നു എന്നു ചിരാഗ് പറഞ്ഞിരുന്നു. ബിജെപി ദേശീയ നേതൃത്വത്തിന്റെ അറിവോടെയാണ് തന്റെ രാഷ്ട്രീയ നീക്കങ്ങളെന്ന ചിരാഗ് പാസ്വാന്റെ ഈ വെളിപ്പെടുത്തലുകള്‍ ബിജെപിയെ ചൊടിപ്പിച്ചു. എല്‍ജെപി ബിഹാറില്‍ എന്‍ഡിഎ വിട്ടിട്ടും ബിജെപി ദേശീയ നേതാക്കളാരും അതിനെ വിമര്‍ശിക്കുകയോ പ്രതികരിക്കുകയോ ചെയ്തിരുന്നില്ല. നിതീഷ് കുമാറിനെ ഒതുക്കാനുള്ള ബിജെപിയുടെ തന്ത്രമാണിതെന്ന് വ്യാഖ്യാനങ്ങളുണ്ടായിരുന്നു.
എല്‍ജെപി ബിഹാറില്‍ എന്‍ഡിഎ വിട്ടതില്‍ ജെഡി(യു) അതൃപ്തി പ്രകടിപ്പിച്ചപ്പോള്‍ പ്രാദേശിക ബിജെപി നേതൃത്വം നിതീഷിനു പിന്തുണമായി എത്തിയിരുന്നു. എങ്കിലും ദേശീയ നേതൃത്വം മിണ്ടിയിരുന്നില്ല.
ബിജെപി-എല്‍ജെപി സര്‍ക്കാര്‍ ബിഹാറില്‍ അധികാരത്തിലെത്തുമെന്നു ചിരാഗ് പാസ്വാന്‍ ഇന്നലെയും പട്‌നയില്‍ ആവര്‍ത്തിച്ചു. റാം വിലാസ് പാസ്വാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ ജെ.പി. നഡ്ഡയും അമിത്ഷായും ഉള്‍പ്പെടെയുള്ളവര്‍ ചിരാഗ് പാസ്വാനെ ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നു. അപ്പോള്‍ തന്റെ രാഷ്ട്രീയ നീക്കത്തെക്കുറിച്ചും ചിരാഗ് അറിയിച്ചിരുന്നുവെന്നാണ് എല്‍ജെപിയുടെ വിശദീകരണം. എന്നാല്‍ ഇത് എല്‍ജെപിയുടെ നിലനില്‍പ്പിനുള്ള രാഷ്ട്രീയക്കളിയാണെന്ന് സംബിത് പത്ര പറഞ്ഞു.
https://www.facebook.com/Malayalivartha























