രാജ്യത്തിന് ആവശ്യം പ്രധാനമന്ത്രിയുടെ ആവാസമല്ല ശ്വാസമാണ്... സെന്‍ട്രല്‍ വിസ്ത പദ്ധതിക്കെതിരെ രൂക്ഷ വമിര്‍ശനവുമായി രാഹുല്‍ വീണ്ടും; സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ജോലികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി

സെന്‍ട്രല്‍ വിസ്ത പദ്ധതിക്കെതിരെ വീണ്ടും രൂക്ഷ വമിര്‍ശനവുമായി രാഹുല്‍ ഗന്ധി. രാജ്യത്ത് ആവശ്യം ഓക്‌സിജന്‍ ആണെന്നും പ്രധാനമന്ത്രിക്കുള്ള താമസ സൗകര്യമല്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്കായി പുതിയ വസതി ഉള്‍പ്പെടെ വരുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ചിത്രം പങ്കുവച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്.
കൊവിഡ് വ്യാപനത്തിനിടെ ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണിനെ പോലും വകവയ്ക്കാതെ സെന്‍ട്രല്‍ വിസ്താ പദ്ധതി നടപ്പാക്കുന്നതിനെതിരെ രാഹുല്‍ മുന്‍പും വിമര്‍ശനം ഉന്നയിച്ചിരുന്നു. പദ്ധതി കുറ്റകരമായ പാഴ്‌ചെലവാണെന്ന് രാഹുല്‍ കഴിഞ്ഞ ദിവസം ആരോപിച്ചത്. ജനങ്ങളുടെ ജീവിതത്തിനുമേല്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അദ്ദേഹം ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് പ്രതിപക്ഷ കക്ഷികളും സാമൂഹിക പ്രവര്‍ത്തകരും ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ജോലികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്നു സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കുമ്പോഴും സെന്‍ട്രല്‍ വിസ്ത നിര്‍മാണത്തെ അവശ്യസേവന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ജോലികള്‍ പുരോഗമിക്കുന്നത്.
അതേസമയം 20,000 കോടി രൂപയുടെ സെന്‍ട്രല്‍ വിസ്ത പദ്ധതിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നിലപാട് കാപട്യമാണെന്ന ആക്ഷേപവുമായി പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി ഇന്നലെ രംഗത്ത് വന്നിരുന്നു. യുപിഎ അധികാരത്തിലിരുന്നപ്പോള്‍ പദ്ധതിയെ അനുകൂലിച്ചിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ എതിര്‍പ്പുമായി രംഗത്തെത്തുന്നത് വിചിത്രമായ നടപടിയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
പദ്ധതി 'കുറ്റകരമായ പാഴ്ച്ചെലവ്' ആണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. കോവിഡ് മഹാമാരിയുടെ കാലത്ത് ജനങ്ങളുടെ ജീവനിലാണു ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നു രാഹുല്‍ വിമര്‍ശിച്ചിരുന്നു.
'സെന്‍ട്രല്‍ വിസ്തയില്‍ കോണ്‍ഗ്രസ് നിലപാട് വിചിത്രമാണ്. 20,000 കോടിയാണ് പദ്ധതി ചെലവ്. ഇതിന്റെ രണ്ടിരട്ടിയോളം സര്‍ക്കാര്‍ വാക്സിനേഷനു വേണ്ടി അനുവദിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ ബജറ്റ് വിഹിതം മൂന്നു ലക്ഷം കോടിയാണ്. എന്തിനാണു മുന്‍ഗണന നല്‍കേണ്ടതെന്നു സര്‍ക്കാരിന് അറിയാം.' - കേന്ദ്ര ഹൗസിങ്, നഗരവികസന മന്ത്രി ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha


























