മാസ്ക്കുണ്ട്! ഗ്യാപ്പില്ല... റെംഡെസിവര്‍ മരുന്ന് വാങ്ങാന്‍ ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വന്‍ ജനക്കൂട്ടം; തമിഴ്‌നാട്ടിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടയില്‍ തോളോട് തോള്‍ ചേര്‍ന്ന് ക്യൂ നിന്നത് നൂറുകണക്കിനാളുകൾ

തമിഴ്‌നാട്ടിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടയില്‍ റെംഡെസിവര്‍ മരുന്ന് വാങ്ങാന്‍ ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വന്‍ ജനക്കൂട്ടം ചേർന്നതായി റിപ്പോർട്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി നൂറ് കണക്കിനാളുകളാണ് മരുന്നിനായി സാമൂഹികാകലം തോളോട് തോള്‍ ചേര്‍ന്ന് ക്യൂ നിന്നത്.
ഇന്നലെയാണ് നെഹ്‌റു സ്റ്റേഡിയത്തില്‍ റെംഡെസിവര്‍ മരുന്നുവിതരണത്തിന് പുതുതായി കൗണ്ടര്‍ ആരംഭിച്ചത്. കെ.എം.സി.യിലായിരുന്നു നേരത്തെ മരുന്നുവിതരണം നടത്തിവന്നിരുന്നത്. ഈ തിരക്ക് കുറയ്ക്കാന്‍ വേണ്ടിയാണ് നെഹ്‌റു സ്റ്റേഡിയത്തില്‍ കൗണ്ടര്‍ ആരംഭിച്ചത്. എന്നാല്‍ നിമിഷങ്ങള്‍ക്കകം ഇവിടെയും ജനങ്ങള്‍ തിങ്ങിനിറയുകയായിരുന്നു.
കഴിഞ്ഞ പത്ത് ദിവസത്തോളമായി റെംഡെസിവര്‍ മരുന്നിനായി അലയുകയാണെന്ന് മുപ്പതുകാരനായ സന്ദീപ് രാജ് മാധ്യമങ്ങളോട് പറഞ്ഞു. യുവാവിന്റെ മാതാപിതാക്കള്‍ക്ക് നേരത്തെ തന്നെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഡോക്ടര്‍മാര്‍ രണ്ടുപേര്‍ക്കും റെംഡെസിവിര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരിന്നു. ഇതിനുപിന്നാലെ ശനിയാഴ്ച അദ്ദേഹത്തിന്റെ പിതാവ് മരണമടഞ്ഞു. അമ്മയെയെങ്കിലും രക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ മരുന്നിനായി സ്റ്റേഡിയത്തിലേക്ക് പാഞ്ഞതെന്ന് യുവാവ് പറയുകയാണ്.
അതേസമയം സംസ്ഥാനത്തെ ചില ആശുപത്രികളിലും കൊവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നുണ്ട്. രാജീവ് ഗാന്ധി ആശുപത്രിയുടെ കൊവിഡ് ബ്ലോക്കിനുള്ളില്‍ ചില രോഗികള്‍ക്കൊപ്പം പരിചരിക്കാന്‍ ആളുകളുണ്ടായിരുന്നുവെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
എല്ലാ കിടക്കകളിലും ഒരു സഹായി ഉണ്ടായിരുന്നു. അവര്‍ രോഗികള്‍ക്ക് ഭക്ഷണം നല്‍കുകയോ, അവരോട് സംസാരിക്കുകയോ ചെയ്യുകയായിരുന്നു. ചിലര്‍ രോഗികളോടൊപ്പം കട്ടിലില്‍ ഇരുന്നു. അവരാരും പിപിഇ ധരിച്ചിരുന്നില്ല, സാമൂഹിക അകലം പാലിച്ചില്ല. ഇരുവശങ്ങളിലുമുള്ള ഹാളുകളില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്ന കാഴ്ചയാണ് തങ്ങള്‍ കണ്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























