ഗംഗാതീരത്ത് മണലില്‍ കുഴിച്ചിട്ട നിലയിലും അജ്ഞാത മൃതദേഹങ്ങള്‍... കാറ്റടിച്ചാൽ അവശിഷ്ടങ്ങള്‍ പുറത്തുവരും...

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയിലെ ഗംഗയുടെ തീരത്ത് മണലില്‍ കുഴിച്ചിട്ട നിലയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മുന്‍പ് യുപിയിലെ ഉന്നാവോ ജില്ലയിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കഴിഞ്ഞയാഴ്ച യു.പിയിലെ ഗാസിപൂരിലും ബിഹാറിലെ ബക്‌സറിലും അഴുകിത്തുടങ്ങിയ നിരവധി മൃതദേഹങ്ങള്‍ നദിയിലൂടെ ഒഴുകിയെത്തിയത് ആശങ്ക ഉയര്‍ത്തിയിരുന്നു.
സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പാണ് മണലില്‍ കുഴിച്ചിട്ട നിലയിലും മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുള്ളതെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഇതോടെ ജനങ്ങളുടെ ആശങ്ക വര്‍ധിച്ചിട്ടുണ്ട്.
കഴിഞ്ഞ ചില മാസമായി പ്രദേശത്ത് മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നതായി പ്രദേശവാസികള്‍ അറിയിക്കുന്നു. മൃതദേഹങ്ങള്‍ മൂടുന്ന മണല്‍ ശക്തമായ കാറ്റ് വീശുമ്പോള്‍ പുറത്തു വരുന്നതായും ഈ മൃതദേഹ അവശിഷ്ടങ്ങള്‍ പക്ഷികളും നായ്ക്കളുടെ ഭക്ഷിക്കുന്നതായും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യത്തില്‍ അധികൃതര്‍ ഇടപെടണമെന്നും മൃതദേഹങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും പ്രവേശവാസി പറഞ്ഞു. പ്രദേശത്ത് രോഗങ്ങള്‍ പടര്‍ന്നുപിടിക്കുമോ എന്ന ആശങ്കയും പലര്‍ക്കുമുണ്ട്.
രോഗവ്യാപനത്തിന് കാരണമാകാം എന്നതിനാല്‍ നിലവിലെ സാഹചര്യം പ്രദേശവാസികളില്‍ വലിയ പരിഭ്രാന്തിയാണ് സൃഷ്ടിക്കുന്നത്. അതേസമയം, ശരിയായ രീതിയില്‍ മൃതദേഹം അടക്കം ചെയ്യാന്‍ പോലും സാധിക്കാത്ത പാവപ്പെട്ടവരുടെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു. കുറഞ്ഞത് 400 മുതല്‍ 500 മൃതദേഹങ്ങള്‍ വരെ പ്രദേശത്ത് അടക്കം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കോവിഡ് മഹാമാരിയുടെ കാലത്ത് സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രതയോടെ പെരുമാറണമെന്നും ഇത്തരം വിഷയങ്ങളില്‍ ഉടന്‍ ഇടപെടണമെന്നും സഞ്ജയ് ശ്രീവാസ്തവ എന്ന മറ്റൊരു നാട്ടുകാരന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
മൃതദേഹങ്ങള്‍ ശരിയായി സംസ്‌കരിക്കാത്തത് സ്ഥിതിഗതികള്‍ ഇനിയും മോശമാക്കുമെന്നും രോഗബാധ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങള്‍ നിസ്സഹായരാണ്. പലര്‍ക്കും ബന്ധുക്കളുടെ മൃതദേഹം ശരിയായി സംസ്‌കരിക്കുന്നതിനുള്ള സാമ്പത്തിക ശേഷിയില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുകതന്നെ വേണമെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ, സംഭവത്തെപ്പറ്റി പ്രതികരിക്കാന്‍ ജില്ലാ അധികൃതര്‍ തയ്യാറായില്ലെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗംഗയുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതില്‍ വീഴ്ച സംഭവിക്കുന്നതിലും കടുത്ത ആശങ്കയുണ്ടെനന്ന് പ്രദേശവാസികള്‍ പറയുന്നു.
അഴുകിയ മൃതദേഹങ്ങളുടെ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ ഭക്തര്‍ പലരും ഗംഗയില്‍ സ്‌നാനം ചെയ്യുന്നത് നിര്‍ത്തിയെന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ആഴ്ച യുപിയിലെ ഗാസിപൂരിലും ബീഹാറിലെ ബുക്സറിലും അഴുകിയ മൃതദേഹങ്ങള്‍ ഗംഗയില്‍ പൊങ്ങിക്കിടക്കുന്ന സാഹചര്യമുണ്ടായത് ചര്‍ച്ചയായതിന് പിന്നാലെയാണ് പ്രയാഗ്‌രാജ് ജില്ലയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്.
അതേസമയം, കണ്ടെത്തിയത് കൊവിഡ് രോഗികളുടെ മൃതദേഹമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തിന് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടുതുടങ്ങിയതെന്നാണ് പ്രദേശവാസികള്‍ വ്യക്തമാക്കുന്നത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നിലവില്‍ 1,93,815 കൊവിഡ് രോഗികളാണ് ഉത്തര്‍പ്രദേശില്‍ ചികിത്സയിലുള്ളത്. ഇതുവരെ 6,957 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പ്രയാഗ്‌രാജ് ജില്ലാ ഭരണകൂടത്തിന്റെ കണക്കനുസരിച്ച് ശനിയാഴ്ച 165 പുതിയ കേസുകളും ഒമ്പത് മരണങ്ങളുമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
https://www.facebook.com/Malayalivartha


























