കൊവിഡിനെ തുരത്താന്‍... 2 ഡി ഓക്‌സി ഡി ഗ്ലൂക്കോസ് മരുന്നിന്റെ ആദ്യ ബാച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പുറത്തിറക്കി

കൊവിഡ് ചികിത്സയ്ക്ക് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ തദ്ദേശീയമായി വികസിപ്പിച്ച 2 ഡി ഓക്‌സി ഡി ഗ്ലൂക്കോസ് ( 2 ഡി ജി ) മരുന്നിന്റെ ആദ്യ ബാച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പുറത്തിറക്കി. ആദ്യഘട്ടത്തില്‍ തയ്യാറാക്കിയ 10,000 ഡോസ് മരുന്ന് ഉടന്‍ രാജ്യത്തെ ആശുപത്രികളില്‍ എത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന് മരുന്ന് കൈമാറിയാണ് രാജ്‌നാഥ് സിംഗ് ഉദ്ഘാടനം നിര്‍വഹിച്ചത്. എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയയ്ക്കും സായുധ സേനാ മെഡിക്കല്‍ സര്‍വീസിലെ ലെഫ്. ജനറല്‍ സുനില്‍ കാന്തിനും മരുന്ന് കൈമാറി.
സംയുക്തമായി മരുന്ന് വികസിപ്പിച്ച ഡി.ആര്‍.ഡി.ഒയുടെ ഡല്‍ഹി ലാബോറട്ടറിയായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂക്‌ളിയര്‍ മെഡിസിന്‍ ആന്‍ഡ് അലീഡ് സയന്‍സസിനെയും(ഇന്‍മാസ്)ഡോ. റെഡ്ഡീസ് ലാബോറട്ടറീസിനെയും രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. ഓക്‌സിജന്‍ ചികിത്സ കുറയ്ക്കാന്‍ സഹായിക്കുന്ന 2ഡി.ജി രാജ്യം വെല്ലുവിളി നേരിടുന്ന സമയത്ത് വന്ന പ്രതീക്ഷയുടെ കിരണമാണെന്നും ,കൊവിഡിനെ തോല്‍പ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മരുന്ന് വികസിപ്പിച്ച ശാസ്ത്രജ്ഞരെ പിന്നീട് പ്രത്യേകം ആദരിക്കും.
ഈ മരുന്ന് ഇന്ത്യയ്ക്കു പുറമെ ആഗോളതലത്തിലും വൈറസിനെതിരായ പോരാട്ടത്തില്‍ നിര്‍ണായകമാകുമെന്ന് ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു. 2ഡി.ജി നിര്‍മ്മിക്കുന്ന ഡോ. റെഡ്ഡീസ് ലബോറട്ടറീസ് രോഗികള്‍ക്ക് മരുന്നെത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഡി.ആര്‍.ഡി.ഒ ചെയര്‍മാനും പ്രതിരോധ സെക്രട്ടറിയുമായ ഡോ. ജി. സതീഷ് റെഡ്ഡി അറിയിച്ചു.
വെള്ളത്തില്‍ അലിയിച്ച് കഴിക്കുന്ന പൊടി രൂപത്തിലുള്ള മരുന്ന് വൈറസ് ബാധിച്ച കോശങ്ങളെ തെരഞ്ഞുപിടിച്ച് പ്രവര്‍ത്തിക്കും. മിതമായും തീവ്രമായും രോഗമുള്ളവരില്‍ വൈറസ് പെരുകുന്നത് തടഞ്ഞ്, രണ്ടര ദിവസം നേരത്തേ രോഗമുക്തിയുണ്ടാകും. ജനിതകമാറ്റം വന്ന വൈറസിനും ഫലപ്രദമാണെന്നും ഓക്‌സിജന്‍ ചികിത്സ കുറയ്ക്കാമെന്നും തെളിഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha


























