'ബ്ളാക് ഫംഗസ് ഒരു പുതിയ വെല്ലുവിളിയാണ്', വൈറസ് നമ്മില്‍ നിന്ന് ധാരാളം പേരെ തട്ടിയെടുത്തു... കൊവിഡ് മൂലം ജീവന്‍ നഷ്‌ടമായവരെ ഞാന്‍ വണങ്ങുന്നു; ആരോഗ്യപ്രവർത്തകർ അനുമോദിക്കുന്ന ചടങ്ങിൽ വികാരഭരിതനായി പ്രധാനമന്ത്രി

രാജ്യത്ത് കൊവിഡിനെതിരെ നടക്കുന്നത് ഒരു നീണ്ട യുദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ മണ്ഡലമായ വാരണാസിയിലെ ആരോഗ്യ പ്രവര്‍ത്തകരെ അനുമോദിച്ചുകൊണ്ട് നടന്ന വെര്‍ച്വല്‍ യോഗത്തിലാണ് മോദി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
വാക്‌സിനേഷന്‍ എന്നത് കൂട്ടായ ഒരു ഉത്തരവാദിത്വമാണെന്ന് ഓര്‍മ്മിപ്പിച്ച പ്രധാനമന്ത്രി വാക്‌സിനെടുക്കുന്നത് ഒരു സാമൂഹിക ഉത്തരവാദിത്വമാക്കി മാറ്റണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊവിഡ് പ്രതിരോധത്തിനിടെ വാരണാസിയില്‍ മരണമടഞ്ഞ ആരോഗ്യ പ്രവര്‍ത്തകരെ ഓര്‍ത്ത് അദ്ദേഹം വികാരഭരിതനായി.'വൈറസ് നമ്മില്‍ നിന്ന് ധാരാളം പേരെ തട്ടിയെടുത്തു. കൊവിഡ് മൂലം ജീവന്‍ നഷ്‌ടമായവരെ ഞാന്‍ വണങ്ങുന്നു.
അവരോട് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.' പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ പത്തോളം സംസ്ഥാനങ്ങളില്‍ കൊവിഡ് വന്നവരില്‍ ബ്ളാക് ഫംഗസ് എന്ന രോഗം സ്ഥിരീകരിച്ചതായും ഇത് രാജ്യം നേരിടുന്ന പുതിയ വെല്ലുവിളിയാണെന്നും മോദി പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 2,59,591 പേര്‍ക്കാണ്. 4209 പേര്‍ മരണമടഞ്ഞു. പ്രതിദിന കണക്കില്‍ കുറവുണ്ടെങ്കിലും കേരളമുള്‍പ്പടെ പല സംസ്ഥാനങ്ങളിലും രോഗവ്യാപനം ഇപ്പോഴും ഭീഷണിയാണ്.
അതേസമയം, രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകളുടെ കുത്തനെയുള്ള വര്‍ധനവ് ഭീതിപ്പെടുത്തുന്നതാണ്. സ്വയം ചികിത്സയും സ്റ്റിറോയ്ഡുകളുടെ അമിതോപയോഗവുമാണ് വിനാശകരമായ ബ്ലാക്ക് ഫംഗസ് അണുബാധയ്ക്ക് കാരണമെന്ന് തുറന്നുപറയുകയാണ് ഡോക്ടര്‍മാര്‍.
ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോര്‍മൈക്കോസിസ് ബാധിച്ച രോഗികളുടെ വര്‍ധനവ് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുമൂലമുള്ള മരണനിരക്ക് കുറഞ്ഞത് 50 ശതമാനമാണ്. മൂക്കില്‍ നിന്ന് ആരംഭിച്ച് കണ്ണിലേക്കും തലച്ചോറിലേക്കും രോഗം വേഗത്തില്‍ പടരുന്നു.
വളരെയധികം സ്റ്റിറോയിഡുകളും മറ്റു മരുന്നുകളും നല്‍കുന്നത് അണുബാധയ്ക്കും ആന്‍റിബയോട്ടിക് പ്രതിരോധത്തിനും കാരണമാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബ്ലാക്ക് ഫംഗസ് അണുബാധ ചികിത്സിക്കുന്നതിനുള്ള മരുന്നിന്റെ കുറവാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം.
'ഞാന്‍ കാണുന്ന കേസുകളുടെ എണ്ണം ഭയപ്പെടുത്തുന്നതാണ്. സാധാരണയായി ജീവിതകാലം മുഴുവന്‍ നാലോ അഞ്ചോ കേസുകളാണ് കാണാറുള്ളത്. ഇപ്പോള്‍ ഒരു ദിവസം നാലോ അഞ്ചോ കേസുകള്‍ കാണുന്നു.
ഈ കേസുകളെല്ലാം അനാവശ്യമായി സ്റ്റിറോയിഡുകള്‍ ഉപയോഗിച്ചതിനാലാണെന്ന് എനിക്ക് തോന്നുന്നു.'- ഫോര്‍ട്ടിസ് മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. അതുല്‍ മിത്തല്‍ പറയുന്നു.
'മ്യൂക്കോമൈക്കോസിസ് അണുബാധയുള്ള ആളുകളില്‍ ഫംഗസ് നാശം വരുത്തിയ ടിഷ്യൂസ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ആവശ്യമാണ്.
പല രോഗികളും കൊറോണ വൈറസില്‍ നിന്ന് കരകയറിയത് അവരുടെ ജീവന്‍ രക്ഷിക്കാനായി കണ്ണും താടിയെല്ലുമൊക്കെ നഷ്ടപ്പെടുത്തിയാണ്.
ബ്ലാക്ക് ഫംഗസ് അണുബാധ അതിവേഗം പടരാന്‍ തുടങ്ങിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഇത് കൂടുതല്‍ ആളുകളെ കൊല്ലും. ഞങ്ങള്‍ക്ക് രോഗം പടരുന്നത് തടയാന്‍ കഴിയില്ല, അത് കീടങ്ങളെപ്പോലെ ആക്രമിച്ചുകൊണ്ടിരിക്കും.'- ഡോ. അതുല്‍ മിത്തല്‍ പറയുന്നു.
ദൈനംദിന ജീവിതത്തില്‍ എല്ലായിടത്തും മ്യൂക്കോര്‍ പൂപ്പല്‍ കാണപ്പെടുന്നുണ്ട്. മണ്ണിലും സസ്യങ്ങളിലും ചീഞ്ഞളിഞ്ഞ പഴങ്ങളിലുമെല്ലാം ഇവയുണ്ട്. എന്നാല്‍ മ്യൂക്കോമൈക്കോസിസ് കേസുകള്‍ വളരെ അപൂര്‍വമാണ്.
ചിലപ്പോള്‍ ഇത് പ്രമേഹമുള്ളവരെയോ അല്ലെങ്കില്‍ കാന്‍സര്‍ രോഗികളെപ്പോലെ ദുര്‍ബലമായ രോഗപ്രതിരോധ സംവിധാനങ്ങളെയോ ബാധിക്കുന്നു.
അതേസമയം മെഡിക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി ഉയര്‍ന്ന അളവില്‍ സ്റ്റിറോയിഡുകള്‍ കഴിച്ച ആയിരക്കണക്കിന് കോവിഡ് രോഗികളില്‍ അണുബാധയ്ക്ക് കൂടുതല്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
സ്റ്റിറോയിഡുകള്‍ പ്രതിരോധശേഷി കുറയ്ക്കുകയും പഞ്ചസാരയുടെ അളവ് ഉയര്‍ത്തുകയും ചെയ്യുന്നു. ഇത് ഫംഗസ് വളരാന്‍ ഫലഭൂയിഷ്ഠമായ നിലം സൃഷ്ടിക്കുന്നു. ചൈനയ്ക്കുശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ പ്രമേഹരോഗികളുള്ള രാജ്യമാണ് ഇന്ത്യ.
വര്‍ധിച്ചു വരുന്ന ബ്ലാക്ക് ഫംഗസ് കേസുകളെ നേരിടാന്‍ രാജ്യത്തുടനീളം ആശുപത്രികള്‍ അഡ്‌ഹോക് യൂണിറ്റുകള്‍ ആരംഭിക്കുന്നു.
ഇന്ത്യയിലെ നിരവധി രോഗികള്‍ ഇപ്പോഴും കോവിഡ് സ്റ്റിറോയിഡ് തെറാപ്പിക്ക് വിധേയരാകുന്നതിനാല്‍, കേസുകളുടെ എണ്ണം ഇനിയും ഉയരുമെന്ന് ആരോഗ്യവിദഗ്ധര്‍ ഭയപ്പെടുന്നു.
https://www.facebook.com/Malayalivartha



























