തിരൂരങ്ങാടിയിലെ വീട്ടില്‍ നിന്നും 12 പവന്‍ മോഷ്ടിച്ച സംഭവത്തില്‍ ജോലിക്കാരിയായ യുവതിക്കൊപ്പം ഇടയ്ക്ക് വന്ന് പോയിരുന്ന 16കാരി പിടിയില്‍

എആര്‍ നഗര്‍ സ്വദേശി അബ്ദുല്‍ ഹമീദിന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച 12 പവന്‍ മോഷ്ടിച്ച സംഭവത്തില്‍ ജോലിക്കാരിയായ യുവതിക്കൊപ്പം ഇടയ്ക്ക് വന്ന് പോയിരുന്ന 16കാരി പിടിയില്‍. തമിഴ്‌നാട് കോയമ്ബത്തൂര്‍ സ്വദേശിനിയാണ് പിടിയിലായ പെണ്‍കുട്ടി. കഴിഞ്ഞ മാസമാണ് ഹമീദിന്റെ മരുമകളുടെ 12 പവന്റെ ആഭരണങ്ങള്‍ കളവുപോയത്. തുടര്‍ന്ന് തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഡി വൈ എസ്പി എംഐ ഷാജിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് 16കാരി പിടിയിലായത്. ഈ വീട്ടില്‍ നേരത്തെ ജോലി ചെയ്തിരുന്ന ഊട്ടി സ്വദേശിനിയെ കേന്ദ്രീകരിച്ചും ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഈ അന്വേഷണത്തിലാണ് പരാതിക്കാരന്റെ വീട്ടില്‍ നേരത്തെ ജോലി ചെയ്തിരുന്ന ഊട്ടി സ്വദേശിയായ യുവതിക്കൊപ്പം ഇടയ്ക്ക് വന്ന് പോയിരുന്ന 16കാരിയാണ് സ്വര്‍ണം മോഷ്ടിച്ചതെന്ന് കണ്ടെത്തിയത്. ഇവരുടെ താമസ സ്ഥലത്ത് വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് 12 പവന്‍ സ്വര്‍ണാഭരണങ്ങളും പൊലീസ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha



























