ആ പരാമർശം തെറ്റ്:കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം എന്ന പരാമർശം ഉൾപ്പെടുന്ന വാർത്തകളും പോസ്റ്റുകളും നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ്ക്ക് താക്കീത് നൽകി കേന്ദ്രസർക്കാർ

കേന്ദ്ര സർക്കാറിന്റെ കല്ലേപ്പിളർക്കുന്ന കൽപ്പന...സാമൂഹ്യ മാധ്യമങ്ങൾക്ക് മുട്ടൻ പണി.... പാലിച്ചില്ലെങ്കിൽ കടുത്തനടപടികൾ സ്വീകരിക്കും... കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം എന്ന പരാമർശം ഉൾപ്പെടുന്ന വാർത്തകളും പോസ്റ്റുകളും നീക്കംചെയ്യാനാണ് സാമൂഹികമാധ്യമ കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകിയത്. ഇങ്ങനെ നിർദ്ദേശം നൽകിയതായിതായി റിപ്പോർട്ടുകൾ പുറത്തുവരികയാണ്. വൈറസിന്റെ 'ഇന്ത്യൻ വകഭേദം' എന്നുപയോഗിച്ചിട്ടുള്ള ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കരുതെന്നാവശ്യപ്പെട്ട് വിവരസാങ്കേതിക മന്ത്രാലയം കമ്പനികൾക്ക് വെള്ളിയാഴ്ച കത്തയച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ കൊല്ലം ഇന്ത്യയിൽ കണ്ടെത്തിയ കൊറോണവൈറസിന്റെ B.1.617 വകഭേദം ആഗോളതലത്തിൽ ആശങ്കയുളവാക്കുന്നതായി മേയ് 11 ന് ലോകാരോഗ്യസംഘടന പ്രസ്താവിച്ചിരുന്നു. എന്നാൽ ലോകാരോഗ്യസംഘടന 'B.1.1.617 വകഭേദം' എന്നു മാത്രമാണ് സൂചിപ്പിച്ചതെന്നും മാധ്യമങ്ങൾ അടിസ്ഥാനരഹിതമായി 'ഇന്ത്യൻ വകഭേദം' എന്ന് ഉപയോഗിക്കുകയാണെന്നും ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ പ്രസ്താവന പുറത്തിറക്കിയിരുന്നു.
വൈറസിന്റെ ഇന്ത്യൻ വകഭേദം എന്ന് പരാമർശിക്കുന്ന എല്ലാ പോസ്റ്റുകളും സാമൂഹിക മാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്യണമെന്നാണ് ഐടി മന്ത്രാലയത്തിന്റെ കത്തിലെ നിർദേശം. B.1.617 വകഭേദം ഇന്ത്യൻ വകഭേദമാണെന്ന് ശാസ്ത്രീയാടിസ്ഥാനത്തിൽ ലോകാരോഗ്യസംഘടന പരാമർശിക്കുകയോ ആ വകഭേദത്തെ ഇന്ത്യൻ വകഭേദമെന്ന് സംഘടന ചൂണ്ടിക്കാട്ടുകയോ ചെയ്തിട്ടില്ലെന്ന് കത്തിൽ പറയുന്നു. ഇന്ത്യൻ വകഭേദം എന്ന പരാമർശം തെറ്റായ സന്ദേശം നൽകുന്നതായും രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്നതായും മുതിർന്ന ഉദ്യോഗസ്ഥൻ സൂചിപ്പിച്ചതായി റോയിട്ടേഴ്സിന്റെ റിപ്പോർട്ടിൽ പറയുന്നു.
വൈറസിന്റെ വകഭേദത്തെ, അത് ആദ്യമായി കണ്ടെത്തുന്ന സ്ഥലവുമായി ചേർത്ത് നാമകരണം ചെയ്യാറുണ്ട്. ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും കണ്ടെത്തിയ കൊറോണ വൈറസ് വകഭേദങ്ങളെ ആ രാജ്യങ്ങളുടെ പേരുമായി ചേർത്ത് വിദഗ്ധർ പരാമർശിച്ചുവരുന്നുണ്ട്. ഇന്ത്യൻ വകഭേദം എന്നുൾക്കൊള്ളുന്ന ആയിരക്കണക്കിന് പോസ്റ്റുകളുള്ളതിനാൽ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽനിന്ന് അവയൊക്കെ നീക്കംചെയ്യുന്നത് പ്രയാസമാണെന്നാണ് സാമൂഹ്യ മാധ്യമ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം എത്രയും വേഗം നടപ്പിലാക്കുക എന്നതാണ് സാമൂഹ്യമാധമങ്ങൾ മുന്നിലുള്ള വഴി.
https://www.facebook.com/Malayalivartha



























