വിവാഹത്തിലൂടെ മതംമാറ്റം: ബില്ലിന് ഗുജറാത്തിലും അംഗീകാരം, പത്ത് വർഷം വരെ ജയിൽ ശിക്ഷ ലഭിച്ചേക്കാം

വിവാഹത്തിലൂടെ നിര്‍ബന്ധിത മതംമാറ്റം നടത്തിയാല്‍ പത്തുവര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കുന്ന നിയമഭേദഗതി ബില്ലിന് ഗുജറാത്തില്‍ അംഗീകാരം. ഏപ്രില്‍ ഒന്നിന് നിയമസഭ പാസാക്കിയ 'ഗുജറാത്ത് മത സ്വാതന്ത്ര്യ ഭേദഗതി ബില്ലി'ന് ഗവര്‍ണര്‍ ആചാര്യ ദേവ്രത് അംഗീകാരം നല്‍കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഇതോടെ സംസ്ഥാനം ബജറ്റ് സെഷനില്‍ പാസാക്കിയ 15 ബില്ലുകള്‍ക്ക് ഗവര്‍ണറുടെ അംഗീകാരം ലഭിച്ചു. മതംമാറ്റം സംബന്ധിച്ച വിവാദ ഭേദഗതി പ്രകാരം വിവാഹത്തിലൂടെയുള്ള നിര്‍ബന്ധിത മതം മാറ്റം, ഇതിനുള്ള സഹായം നല്കല് എന്നിവക്ക് മൂന്ന് മുതല്‍ അഞ്ചുവര്‍ഷം വരെ തടവും രണ്ടു ലക്ഷം വരെ പിഴയും ലഭിക്കാം.
മതംമാറുന്നവര്‍ പ്രായപൂര്‍ത്തിയാകാത്തവരോ ദലിതരോ ആദിവാസികളോ ആണെങ്കില്‍ ശിക്ഷ നാലുമുതല്‍ എഴു വര്‍ഷം വരെയും പിഴ മിനിമം മൂന്ന് ലക്ഷവുമാകും. സംഘടനയാണ് നിയമലംഘനത്തിനു പിന്നിലെങ്കില്‍, ഉത്തരവാദിയായ ആള്‍ക്ക് ചുരുങ്ങിയത് മൂന്നുവര്‍ഷവും പരമാവധി പത്തുവര്‍ഷവും തടവുലഭിക്കും.
ഫെബ്രുവരിയില്‍ വഡോദരയില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെ, സംസ്ഥാനത്ത് 'ലൗ ജിഹാദി'നെതിരെ ശക്തമായ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വിജയ് രുപാനി പറഞ്ഞിരുന്നു. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശും യു.പിയും സമാന നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha



























