പശ്ചിമ ബംഗാളില്‍ ആദ്യത്തെ ബ്ലാക്ക് ഫംഗസ് മരണം; സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി അഞ്ച് ബ്ലാക്ക് ഫംഗസ് രോഗികള്‍ ചികിത്സയില്‍ കഴിയുന്നു, അതീവ ജാഗ്രത
രാജ്യത്ത് കൊറോണ ഭീതിക്ക് പിന്നാലെ ബ്ലാക്ക് ഫംഗസ്. പശ്ചിമ ബംഗാളില്‍ ആദ്യത്തെ ബ്ലാക്ക് ഫംഗസ് മരണം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഹരിദേവ്പുര് സ്വദേശിനിയായ ഷംപ ചക്രവര്‍ത്തി(32)ആണ് മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. കോവിഡ് ബാധിതയായ ഇവര്‍ക്ക് ശംഭുനാഥ് പണ്ഡിറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ബ്ലാക്ക് ഫംഗസ് പിടിപെട്ടത് തന്നെ. ഇവര്‍ കടുത്ത പ്രമേഹ രോഗിയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയുണ്ടായി.
ഇതുകൂടാതെ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി അഞ്ച് ബ്ലാക്ക് ഫംഗസ് രോഗികള്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരെല്ലാവരും ബിഹാര്‍, ഝാര്‍ഖണ്ഡ് സ്വദേശികളാണ്. ഇവരുടെ ആരോഗ്യനില സൂക്ഷമമായി നിരീക്ഷിച്ചു വരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിക്കുകയുണ്ടായി.
അതേസമയം, മേയ് 22 വരെ ഇന്ത്യയിലുടനീളം കൊവിഡ് രോഗികളില്‍ ഏകദേശം 9000 പേര്‍ക്ക് മ്യൂക്കോര്‍മെെക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടതായാണ് കണക്ക്. മണ്ണിലും ജെെവവസ്തുക്കളിലും കാണുന്ന ഒരുതരം പൂപ്പല്‍ മൂലം ഉണ്ടാകുന്ന ഈ രോഗം ബാധിച്ച് 212 പേര്‍ ഇതിനോടകം തന്നെ മരിച്ചു. ഇതില്‍ മഹാരാഷ്ട്രയില്‍ 90ഉം ഗുജറാത്തില്‍ 61ഉം പേര്‍ ഉള്‍പ്പെടുന്നു.
രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, അനിയന്ത്രിതമായ പ്രമേഹം ഉളളവര്‍, ഉയര്‍ന്ന അളവില്‍ സ്റ്റെറോയിഡ് ഉപയോഗിക്കുന്നവര്‍ എന്നിവരിലാണ് ഈ രോഗം സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞ ചില കൗമാരക്കാരിലും ഈ രോഗം ഇപ്പോള്‍ കണ്ടുവരുന്നു എന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്.
തമിഴ്നാട്, ഗുജറാത്ത്, ഒഡീഷ, ബീഹാര്‍, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, തെലങ്കാന, ചണ്ഡിഗഢ് എന്നിവിടങ്ങളില്‍ ബ്ലാക്ക് ഫംഗസ് ബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഫംഗസ് ബാധ തടയുന്നതിനായി നടപടികള്‍ കെെക്കൊളളണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha



























