രോഗപ്രതിരോധശേഷി ലഭിക്കാൻ രണ്ട് ഡോസ് വാക്സിൻ വേണം; കടുത്ത വാക്സിൻ ക്ഷാമം നേരിടുന്ന ഇന്ത്യയിൽ പുതിയ കൊവിഡ് 19 വകഭേദം വലിയ ഭീഷണിയെന്ന് അധികൃതർ, വാക്സിൻ ഇറക്കുമതി ചെയ്ത് ക്ഷാമം പരിഹരിക്കാനുള്ള ശ്രമത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങള്‍

ഇന്ത്യയിൽ ആശങ്ക വിതച്ച് കോവിഡിന്റെ പുതിയ വകഭേദം. ഇന്ത്യയിൽ കണ്ടെത്തിയ കൊവിഡ് 19 ബി.1.617.2 വകഭേദത്തിനെതിരെ രോഗപ്രതിരോധശേഷി ലഭിക്കാൻ രണ്ട് ഡോസ് വാക്സിൻ വേണമെന്ന് യുകെ സര്‍ക്കാര്‍ വ്യക്തമാക്കുകയുണ്ടായി. യുകെ ആരോഗ്യ, സാമൂഹ്യസുരക്ഷാ വിഭാഗവും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടുമാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പുതിയ വകഭേദത്തിനെതിരെ ശക്തമായ സുരക്ഷ ലഭിക്കാൻ രണ്ട് ഡോസ് വാക്സിൻ നിര്‍ബന്ധമാണെന്നും ഒരു ഡോസ് വാക്സിൻ കൊണ്ട് സുരക്ഷിതരായെന്ന് കരുതാൻ കഴിയില്ലെന്നുമാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതുകൂടാതെ കടുത്ത വാക്സിൻ ക്ഷാമം നേരിടുന്ന ഇന്ത്യയിൽ പുതിയ കൊവിഡ് 19 വകഭേദം വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് യുകെ സര്‍ക്കാരിൻ്റെ പുതിയ മുന്നറിയിപ്പ്. രാജ്യത്ത് നിലവിൽ മൂന്ന് ശതമാനം ആളുകള്‍ക്ക് മാത്രമാണ് രണ്ട് ഡോസ് കൊവിഡ് 19 വാക്ലിൻ ലഭിച്ചിട്ടുള്ളത് തന്നെ. 4.3 കോടി ആളുകള്‍ക്ക് രാജ്യത്ത് രണ്ട് ഡോസ് വാക്സിൻ ലഭിക്കുകയുണ്ടായി.
15.1 കോടി പേര്‍ക്ക് ആദ്യ ഡോസ് വാക്സിനും ഇതിനോടകം ലഭിച്ചിട്ടുണ്ട്. രാജ്യത്ത് കടുത്ത ഓക്സിജൻ, ഐസിയു കിടക്ക ക്ഷാമത്തിന് ഇടയാക്കിയ കൊവിഡ് 19 രണ്ടാം തരംഗത്തിനിടയിലും രാജ്യത്ത് വാക്സിനേഷൻ മന്ദഗതിയിലാണ് ഉള്ളത്. വിദേശരാജ്യങ്ങളിൽ നിന്ന് വാക്സിൻ ഇറക്കുമതി ചെയ്ത് ക്ഷാമം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഇന്ത്യൻ സംസ്ഥാനങ്ങള്‍.
ഇന്ത്യയിൽ നിലവിൽ വിതരണം ചെയ്യുന്ന കൊവിഷീൽഡ് വാക്സിനും യുകെ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിൽ ഇതിനോടകം വൻതോതിൽ വിതരണം ചെയ്യുന്ന ഫൈസര്‍ വാക്സിനും സ്വീകരിച്ചവരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രസെനക്കയും ഓക്സ്ഫഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച വാക്സിനാണ് കൊവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്. ഈ വാക്സിൻ യുകെയിലും വാക്സിനേഷന് ഉപയോഗിക്കുന്നുണ്ട്. ഈ രണ്ട് വാക്സിനുകളും സ്വീകരിച്ചവരിൽ ഇന്ത്യയിൽ പ്രചരിക്കുന്ന ബി.1.617.2 വകഭേദം ബാധിക്കുന്നത് എങ്ങനെയെന്നാണ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് പരിശോധിച്ചത്.
https://www.facebook.com/Malayalivartha



























