രോഗമില്ലാത്തവര്‍ കുത്തിവയ്‌പ്പ് എടുക്കേണ്ട, വാക്‌സിനെടുത്ത് പനി വന്നാല്‍ മരിക്കും; അന്ധ വിശ്വാസത്തിലും കൊടും ദാരിദ്രത്തിലും കുരുങ്ങി മുന്നേറാനാകാതെ രാജ്യത്തെ ഗ്രാമീണ മേഖലയിലെ വാക്‌സിനേഷന്

രാജ്യം ഇന്നുവരെ കാണാത്ത തരത്തില്‍ കൊവിഡ് എന്ന മഹാമാരിയുടെ പിടിയിലാണ്. നമ്മുടെ രാജ്യത്തെ ഡോക്‌ടര്‍മാരും നഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും വിശ്രമമില്ലാതെ ഈ രോഗത്തോട് പൊരുതുകയാണ്. എന്നാല്‍ രോഗത്തോട് മാത്രമല്ല ഇക്കാലത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പൊരുതേണ്ടി വരുന്നത്. അത് രോഗപ്രതിരോധത്തിനുളള വാക്‌സിനേഷനെതിരെയുളള കളള പ്രചാരണങ്ങളോട് കൂടിയാണ്.
ഗ്രാമീണ ഇന്ത്യയില്‍ പലയിടത്തും രോഗപ്രതിരോധത്തിനുളള വാക്‌സിന്‍ കുത്തിവയ്‌പ്പിനെ കുറിച്ച് അകാരണമായ ഭയവും വിശ്വാസമില്ലായ്‌മയും ഇപ്പോഴും നിലനില്‍ക്കുന്നു. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഡിസംബര്‍ മാസത്തോടെ വാക്‌സിനേഷന്‍ നടപ്പാക്കും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. പക്ഷെ ഗ്രാമങ്ങളില്‍ ഇപ്പോഴും ജനങ്ങള്‍ വാക്‌സിനേഷന് എതിരാണ്. വാക്‌സിനെടുത്താല്‍ ഉണ്ടാകുന്ന പാര്‍ശ്വഫലങ്ങളും വാക്‌സിനെടുത്ത ചിലര്‍ മരണമടഞ്ഞതുമൊക്കെ ചേര്‍ത്താണ് വാക്‌സിന്‍ ക്യാമ്പയിനെതിരെ കഥകള്‍ പ്രചരിക്കുന്നത്.
രാജസ്ഥാനിലെ ജോഥ്‌പൂരിലെ ഒരു ഗ്രാമത്തില്‍ ജനങ്ങള്‍ വാക്‌സിനെടുക്കാന്‍ തയ്യാറല്ല. കാരണം ഒരു മന്ത്രവാദിനിയുടെ മരണമാണ്. ഗ്രാമത്തിലെ ജനങ്ങള്‍ക്ക് ആശ്വാസമേകിയിരുന്ന മന്ത്രവാദിനിയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം ദേവി മാറ്റും എന്ന വിശ്വാസത്തില്‍ ഡോക്‌ടറെ കാണാന്‍ അവര്‍ തയ്യാറായില്ല. തുടര്‍ന്ന് രോഗം മൂര്‍ച്ഛിച്ച് മതിയായ സമയത്ത് ചികിത്സ കിട്ടാതെ അവര്‍ മരിച്ചു.
മാന്ത്രിക ശക്തിയുളള മന്ത്രവാദിനി മരിച്ചതായി ഗ്രാമവാസികള്‍ക്ക് വിശ്വസിക്കാനായില്ല. ഈ പ്രദേശത്ത് എണ്‍പതോളം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. എന്നിട്ടും ജനം വിശ്വാസത്തിന്റെ പുറത്ത് വാക്‌സിൻ എടുക്കാൻ തയ്യാറായില്ല.
രോഗമൊന്നുമില്ലാത്ത താന്‍ എന്തിന് വാക്‌സിനെടുക്കണമെന്നാണ് മറ്റ് ചിലരുടെ ചോദ്യം. രോഗത്തെ ഭയന്ന് വാക്‌സിനെടുത്ത ചിലര്‍ മരിച്ചതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. ഇത്തരക്കാരെ പറഞ്ഞ് മനസ്സിലാക്കാന്‍ കഴിയാതെ കുഴയുകയാണ് ആരോഗ്യ പ്രവര്‍ത്തകര്‍. ഉത്തര്‍പ്രദേശിലും ഗ്രാമങ്ങളിലെ പൊതു ആരോഗ്യ കേന്ദ്രങ്ങളില്‍ തിരക്ക് കുറവാണ്.
വാക്‌സിന്‍ സ്വീകരിച്ചവര്‍ മരണ മടയുന്നു എന്ന വ്യാജമായ വിശ്വാസത്തിന്റെ പുറത്താണ് ഇവിടങ്ങളില്‍ ഗ്രാമീണര്‍ എത്താത്തതെന്ന് സ്ഥലത്തെ മെഡിക്കല്‍ ഓഫീസര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരം അന്ധവിശ്വാസങ്ങളും പട്ടിണിയും വിദ്യാഭ്യാസമില്ലാത്തതും ഗ്രാമീണ ഇന്ത്യയിലെ കൊവിഡ് വാക്‌സിനേഷന് വലിയ തടസം തന്നെയാണ്.
https://www.facebook.com/Malayalivartha

























