സ്പുട്നിക്-5ന്റെ നിര്‍മാണത്തിന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് അനുമതി
റഷ്യയുടെ കോവിഡ് വാക്സിനായ സ്പുട്നിക്-5ന്റെ നിര്‍മാണത്തിന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക്(എസ്.ഐ.ഐ) അനുമതി. വാക്സിന് ടെസ്റ്റ് ലൈസന്‍സിനാണ് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഒാഫ് ഇന്ത്യ (ഡി.സി.ജി.ഐ) അനുമതി നല്‍കിയത്. ഹഡാപ്സറിലെ സിറം കേന്ദ്രത്തിലാണ് നിര്‍മിക്കുക. നിലവില്‍ ഒാക്ഫോര്ഡ്-അസ്ട്രസെനക വാക്സിനായ കോവിഷീല്‍ഡ് ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്നത് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്.
സ്പുട്നിക്കിന്റെ ഇന്ത്യയിലെ നിര്‍മാണ-വിതരണാവകാശം നേടിയിട്ടുള്ള ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസിന് വേണ്ടി കര്‍ണാടകയിലെ ശില്പ ബയോളജിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (എസ്.ബി.പി.എല്‍) എന്ന സ്ഥാപനം വാക്സിന് നിര്‍മ്മിക്കുന്നുണ്ട്. വര്‍ഷം അഞ്ചു കോടി ഡോസ് വാക്സിന് ഉല്പാദിപ്പിക്കാനാണ് കമ്ബനിയുടെ തീരുമാനം. റഷ്യന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ (ആര്.ഡി.ഐ.എഫ്) സഹകരണത്തോടെ ഡല്‍ഹിയിലെ പനേസിയ ബയോടെക്കും സ്പുട്നിക് വാക്സിന് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുണ്ട്. വര്‍ഷത്തില്‍ 10 കോടി ഡോസ് വാക്സിന് ഉല്പാദിപ്പിക്കാനാണ് നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്.
ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ ബാച്ച് സ്പുട്നിക് വാക്സിന് മോസ്കോയിലെ ഗമേലയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൊണ്ടുപോയി ഗുണനിലവാര പരിശോധന നടത്തും. ലോകാരോഗ്യ സംഘടന നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ ഇന്ത്യയിലെ വാക്സിന് നിര്‍മാതാക്കള്‍ക്ക് ഉണ്ടെന്നാണ് ആര്.ഡി.ഐ.എഫ് നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്ന വാക്സിന് വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും ആര്.ഡി.ഐ.എഫിന് പദ്ധതിയുണ്ട്.
നിലവില്‍ സ്പുട്നിക് വാക്സിന് റഷ്യയില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുകയാണ്. 91.6 ശതമാനമാണ് കോവിഡ് പ്രതിരോധത്തില്‍ സ്പുട്നിക്കിന്റെ ഫലപ്രാപ്തി. നിലവില്‍ 66 രാജ്യങ്ങളില്‍ ഈ വാക്സിന് ഉപയോഗത്തിലുണ്ട്. ഇന്ത്യ നേരിടുന്ന വാക്സിന് ക്ഷാമത്തിന് പരിഹാരമായി ഏപ്രില്‍ 12നാണ് അടിയന്തര ഉപയോഗത്തിനുള്ള അനുമതി സ്പുട്നിക്കിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. ഇന്ത്യന്‍ നിര്‍മിതമായ കോവിഷീല്‍ഡ്, കോവാക്സിന് എന്നിവയാണ് രാജ്യത്ത് നിലവില്‍ ഉപയോഗത്തിലുള്ളത്.
https://www.facebook.com/Malayalivartha