ഗവര്‍ണര്‍ സദാശിവവും ദത്തുവും മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷനാകാന്‍ ശ്രമിക്കുന്നുവെന്ന് കട്ജു

മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസും കേരള ഗവര്‍ണറുമായ പി. സദാശിവം ദേശീയ മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷനാകാന്‍ ശ്രമംനടത്തിയതായി സുപ്രീംകോടതി മുന്‍ ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാനുമായ ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു.
തനിക്ക് വിശ്വസനീയമായ സ്രോതസ്സില്‍നിന്ന് ലഭിച്ച വിവരം എന്നുപറഞ്ഞ് ഫേസ്ബുക്കിലാണ് കട്ജു ഇക്കാര്യം വെളിപ്പെടുത്തിയത്. മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനുള്ള പദവിയാണ് മനുഷ്യവകാശ കമീഷന്‍ അധ്യക്ഷന്‍. ഇതിന് വളരെക്കാലമായി ബി.ജെ.പി നേതാക്കളുമായി സദാശിവം കൂടിക്കാഴ്ച നടത്തിവരുകയാണെന്നും ഇക്കാര്യം ഈ അടുത്ത കാലത്താണ് താന്‍ അറിഞ്ഞതെന്നും കട്ജു കുറിച്ചു. മുമ്പ് തനിക്ക് അദ്ദേഹത്തെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നു.
പദവി നല്‍കുന്നതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തിന്റെ അഭിപ്രായം തേടി. എന്നാല്‍, നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു ഈ നിയമനം എതിര്‍ത്തു. ഈവര്‍ഷം ഡിസംബര്‍ രണ്ടിന് ചീഫ് ജസ്റ്റിസ് പദവിയില്‍നിന്ന് വിരമിക്കുന്ന ദത്തുവിന് ആ പദവി കിട്ടണമെന്ന ആഗ്രഹമുണ്ടെന്നതിനാലാണ് എതിര്‍പ്പെന്നും കട്ജു എഴുതി.
സത്യസന്ധത ചോദ്യംചെയ്യപ്പെടേണ്ട മുന്‍ ചീഫ് ജസ്റ്റിസിനും സിറ്റിങ് ചീഫ് ജസ്റ്റിസിനും ഇടയില്‍ ആരെ തെരഞ്ഞെടുക്കണമെന്ന ചോദ്യമാണ് ഇപ്പോള്‍ ജനങ്ങള്‍ക്ക് മുന്നിലുള്ളതെന്ന് എഴുതിയാണ് കട്ജു ഫേസ്ബുക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























