വിഭജനത്തില്‍ പ്രതിഷേധിച്ച് ആന്ധ്രയില്‍ നിന്നുള്ള ഏഴ് കോണ്‍ഗ്രസ് എം.പിമാര്‍ രാജിവെച്ചു

തെലുങ്കാന സംസ്ഥാനം രൂപീകരിക്കുന്നതില്‍ പ്രതിഷേധിച്ച് ആന്ധ്രയില്‍ നിന്നുള്ള ഏഴ് കോണ്‍ഗ്രസ് എം.പിമാര്‍ രാജിവെച്ചു. സീമാന്ധ്രാ മേഖലയില്‍ നിന്നുള്ള എല്‍.രാജഗോപാല്‍, എ.സായിപ്രതാപ്, വി.അരുണ്‍ കുമാര്‍, ജി.വി ഹര്‍ഷ കുമാര്‍, അനന്ത് വെങ്കിട്ടറാം റെഡ്ഡി,വുണ്ഡവള്ളി അരുണ്‍ കുമാര്‍,എസ്.പി.വൈ റെഡ്ഡി എന്നീ ലോക്സഭാംഗങ്ങളും രാജ്യസഭാംഗമായ കെ.വി.പി രാമചന്ദ്ര റാവുമാണ് രാജിക്കത്ത് നല്‍കിയത്. ലോക്സഭാ സെക്രട്ടറി ജനറലിനാണ് ഇവര്‍ രാജി നല്‍കിയത്. കഴിഞ്ഞ ദിവസം ആന്ധ്രപ്രദേശിലെ 37 മന്ത്രിമാരില്‍ 13 പേരും ഒമ്പത് എം.എല്‍.എമാരും മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിക്ക് രാജിക്കത്ത് നല്‍കിയിരുന്നു.
ആന്ധ്രയെ വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ ചൊവ്വാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന യു.പി.എ ഏകോപനസമിതിയോഗവും കോണ്‍ഗ്രസ് പ്രവര്‍ത്തന സമിതിയോഗവുമാണ് തീരുമാനിച്ചത്. സീമാന്ദ്ര,റായല തെലുങ്കാന എന്നിങ്ങനെ രണ്ടു സംസ്ഥാനങ്ങളായാണ് വിഭജനം. ഇതിനെ തുടര്‍ന്ന് തെലുങ്കാന മേഖലയക്ക് പുറത്തുള്ള മേഖലയില്‍ വന്‍ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്.
രാജ്യത്തെ ഇരുപത്തിയൊമ്പതാം സംസ്ഥാനമായിരിക്കും തെലുങ്കാന. ആറുമാസത്തിനുള്ളില്‍ പുതിയ സംസ്ഥാനം നിലവില്‍ വരും. ആന്ധ്രപ്രദേശിലെ 23 ജില്ലകളില്‍ പത്തെണ്ണമാണു പുതിയ സംസ്ഥാനത്തിനു കീഴില്‍വരുക. ആഡിലാബാദ്, കരിംനഗര്‍, ഖമ്മം, മെഹ്ബൂബ് നഗര്‍, മേഡക്, നല്‍ഗൊണ്ട, നിസാമാബാദ്, രംഗറെഡ്ഡി, വാറംഗല്‍ എന്നിവയാണവ. 42 ലോക്സഭാ സീറ്റുകളും 294 നിയമസഭാ സീറ്റുകളുമാണ് ഐക്യ ആന്ധ്രയിലുള്ളത്. 17 ലോക്സഭാ സീറ്റും 119 നിയമസഭാ സീറ്റുകളും തെലുങ്കാനയില്‍ ഉണ്ടാകും.
ആന്ധ്രയുടെ 41 ശതമാനത്തോളം വരുന്ന പ്രദേശമാണു തെലുങ്കാനയില്‍ വരുക. ഭാഷാ അടിസ്ഥാനത്തില്‍ രൂപീകരിച്ച ആന്ധ്രയില്‍ തെലുങ്കാന മേഖലയിലെ പിന്നോക്കാവസ്ഥയാണ് പുതിയ സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിക്കപ്പെടാന്‍ കാരണമായത്. പുതിയ സംസ്ഥാനത്തിനായി രൂപീകൃതമായ തെലുങ്കാന രാഷ്ട്രസമിതി ഇനി കോണ്‍ഗ്രസില്‍ ലയിക്കാനാണ് സാധ്യത.
https://www.facebook.com/Malayalivartha