ഇന്ത്യന്‍ വ്യോമസേനയില്‍ ഇനി യുദ്ധ വിമാനം പറപ്പിക്കാന്‍ വനിതകളും

ഇന്ത്യന്‍ വ്യോമസേനയില്‍ ഇനി യുദ്ധ വിമാനം പറത്താന്‍ വനിതകള്‍ക്കും അനുമതി.
വ്യോമസേനയുടെ 83-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങില്‍ എയര്‍ ചീഫ് മാര്‍ഷല്‍ അരുപ് രഹയാണ് ഇക്കാര്യം അറിയിച്ചത്.
ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്താല്‍ ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധ വിമാനങ്ങള്‍ വനിതകള്‍ പറപ്പിക്കുന്നകാലം വിദൂരമല്ല.
വ്യോമസേനയില്‍ 1990-കള്‍ മുതല്‍ വനിതാ ഓഫീസര്‍മാര്‍ ഉണ്ട് . ഹെലികോപ്ടറുകളും ചരക്കു വിമാനങ്ങളും പറത്തുന്ന വനിതാ പൈലറ്റുകള്‍ ഉണ്ടെങ്കിലും പോര്‍വിമാനങ്ങളില്‍ അത് അനുവദനീയമായിരുന്നില്ല.
സിയാച്ചിന്‍ യുദ്ധമേഖലയിലെ വ്യോമ താവളങ്ങളില്‍ പോലും ചരക്കുകള്‍ എത്തിക്കുന്ന വിമാനങ്ങളില്‍ വനിതാ പൈലറ്റുകളുണ്ട് . കര - നാവിക സേനകളിലും യുദ്ധമുഖത്ത് വനിതാ പോരാളികളില്ല. എന്നാല്‍ ഇത്തരം കീഴ്വഴക്കങ്ങള് മറന്ന് വനിതകള്‍ക്ക് യുദ്ധമുഖത്ത് അവസരം നല്കാന് ഒരുങ്ങുകയാണ് ഭാരതീയ വ്യോമസേന.
യുദ്ധവിമാനങ്ങളിലെ പൈലറ്റുകളുടെ പരിശീലത്തിന് കുറഞ്ഞത് പതിമൂന്ന് കോടി രൂപ ചെലവ് വരും. ഇത്തരം പരിശീലനം ലഭിക്കുന്നവര്‍ 13 - 14 വര്‍ഷങ്ങളെങ്കിലും വ്യോമസേനയില്‍ സേവനമനുഷ്ഠിച്ചില്ലെങ്കില് പരിശീലനം വെറുതെയാകും.
വിവാഹവും കുട്ടികളുമൊക്കെ ആകുമ്പോള്‍ വനിതകളുടെ സേവനം അത്രയും കാലം ലഭിക്കാന്‍ സാദ്ധ്യതയില്ലെന്ന അനുമാനമാണ് നേരത്തെയുണ്ടായിരുന്ന വിലക്കിന് കാരണം.
യുദ്ധ വിമാനങ്ങള്‍ പറപ്പിക്കാന്മാത്രം ശാരീരിക-മാനസിക കരുത്ത് വനിതകള്‍ക്ക് ഇല്ലെന്ന് 2014 സെപ്റ്റംബറില്‍ അരുപ് രഹ നടത്തിയ പരാമര്‍ശം വന്‍പ്രതിഷേധത്തിനു കാരണമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























