ഛോട്ടാ രാജനെ ഇന്ന് ഇന്ത്യയിലെത്തിച്ചേക്കും; മുംബൈ പൊലീസിനു കൈമാറില്ലെന്നും റിപ്പോര്‍ട്ടുകള്‍

ഇന്ന് വൈകിട്ടോടെ ഇന്തൊനീഷ്യയില്‍ അറസ്റ്റിലായ അധോലോക നായകന്‍ ഛോട്ടാ രാജനെ ഇന്ത്യയിലെത്തിച്ചേക്കും. ഞായറാഴ്ച ബാലിയിലെത്തിയ ഇന്ത്യന്‍ സംഘം ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങി. രാജനെ ആദ്യം ഡല്‍ഹിയിലേക്കായിരിക്കും എത്തിക്കുക.
ഇന്ത്യന്‍ കോണ്‍സുലാര്‍ ഫസ്റ്റ് സെക്രട്ടറി സഞ്ചീവ് കുമാര്‍ അഗര്‍വാള്‍ ഇന്നലെ രാജനെ കണ്ടിരുന്നു. രാജനെ കൊണ്ടുവരാന്‍ ഇന്തൊനീഷ്യയിലേക്കു പോയിരിക്കുന്ന സിബിഐ, ഡല്‍ഹി, മുംബൈ പൊലീസ് സംഘവും ഇന്നലെ ജയിലില്‍ രാജനെ കണ്ടിരുന്നു.
രാജന്റെ പേരില്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിവിധ കുറ്റകൃത്യങ്ങളുടെ ഇംഗ്ലിഷിലും പ്രാദേശിക ഭാഷയായ ബാഹസയിലുമുള്ള രേഖകളും സംഘം കരുതിയിരുന്നു. രാജനെ ഇന്ത്യയിലെത്തിക്കുന്നതിനു മുന്നോടിയായി മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ സുരക്ഷ വര്‍ധിപ്പിച്ചു.
രാജനെതിരെയുള്ള മിക്ക കേസുകളും മുംബൈയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജനെ വധിക്കുമെന്ന ഛോട്ടാ ഷക്കീലിന്റെ ഭീഷണിയുള്ളതിനാല്‍ മുംബൈയില്‍ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ദാവൂദ് ഇബ്രാഹിം സംഘാംഗങ്ങളില്‍ ചിലര്‍ ഇതേ ജയിലില്‍ ഉണ്ട്.
അതേസമയം, രാജനെ മുംബൈ പൊലീസിനു കൈമാറില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജന്‍, പിടികിട്ടാപ്പുള്ളിയായ ദാവൂദ് ഇബ്രാഹിമിലേക്കുള്ള തുമ്പായതിനാല്‍ രാജനെതിരെ ശക്തമായ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അങ്ങനെ വന്നാല്‍ ഇന്ത്യന്‍ സുരക്ഷാ സേനയുടെ വിശ്വാസ്യത തകര്‍ക്കപ്പെടുമെന്നും കേന്ദ്രം ഭയക്കുന്നു. അതിനാല്‍ കേന്ദ്രത്തിനു നേരിട്ടു നിയന്ത്രണമുള്ള ഡല്‍ഹി പൊലീസിനെ അന്വേഷണ ചുമതല ഏല്‍പ്പിക്കാന്‍ നീക്കം നടക്കുന്നതായാണ് സൂചനകള്‍.
ഛോട്ടാ രാജന്‍ വിഷയത്തില്‍ മുംബൈ പൊലീസിനെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു വിശ്വാസമില്ലാത്തതാണു കാരണം. 2005-ല്‍ ഇന്ത്യന്‍ ഏജന്‍സികളുടെ സഹായത്തോടെ ദാവൂദിനെ വധിക്കാനുള്ള രാജന്‍ കൂട്ടാളികളുടെ ശ്രമത്തെ തടഞ്ഞത് മുംബൈ പൊലീസായിരുന്നു.
അന്ന് രാജന്റെ കൂട്ടാളി വിക്കി മല്‍ഹോത്രയും ഫാരിദ് തനാഷയും തങ്ങള്‍ ഇന്ത്യന്‍ ഇന്റലിജന്‍സിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയാണെന്നു പലതവണ മുംബൈ പൊലീസിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ഇതിനു പിന്നില്‍ ദാവൂദിന്റെ ഡി കമ്പനിക്ക് മുംബൈ പൊലീസിലുള്ള സ്വാധീനമാണെന്നാണ് രഹസ്യാന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























