മംഗളൂരുവില്‍ അഴുക്കുചാല്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ചു

ഭൂമിക്കടിയിലൂടെ അഴുക്കുചാല്‍ നിര്‍മാണത്തിനിടെ തൊട്ടടുത്ത കുടിവെള്ളപൈപ്പ് പൊട്ടിയുണ്ടായ ശക്തമായ വെള്ളപ്പാച്ചിലില്‍ മണ്ണിടിഞ്ഞ് തൊഴിലാളികള്‍ മരിച്ചു. മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനു സമീപം തിങ്കളാഴ്ചയാണ് അപകടം.
ബാഗല്‍കോട്ട് ബദമി സ്വദേശികളായ രഘു, ബാബു എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആറു തൊഴിലാളികള്‍ രക്ഷപ്പെട്ടു. മംഗലാപുരം സിറ്റികോര്‍പ്പറേഷനുവേണ്ടി ജോലിചെയ്യുന്നവരാണിവര്‍.
അഴുക്കുചാല്‍ അടഞ്ഞതിനെത്തുടര്‍ന്ന് കാലങ്ങളായി ഈ മേഖലയിലെ അഴുക്കുവെള്ളം മുത്തപ്പന്‍ ക്ഷേത്രത്തിനുസമീപവും വെന്‍ലോക് ആശുപത്രിക്ക് സമീപവും പരന്നൊഴുകുകയായിരുന്നു. ഒട്ടേറെ പ്രതിഷേധങ്ങള്‍ക്കുശേഷമാണ് കോര്‍പ്പറേറ്റര്‍ എ.സി.വിനയരാജിന്റെ ശ്രമഫലമായി 25 ലക്ഷം രൂപ ചെലവില്‍ ഭൂമിക്കടിയിലൂടെ അഴുക്കുചാല്‍ നിര്‍മാണത്തിന് പദ്ധതി പാസായത്. പദ്ധതി മുക്കാല്‍ ഭാഗവും പൂര്‍ത്തിയായിരുന്നു. പണിക്കിടെ കോര്‍പ്പറേഷന്‍ കുടിവെള്ളപൈപ്പിന് തകരാര്‍ സംഭവിച്ചതാണ് അപകടകാരണം. പഴകിയ പൈപ്പ് പൊട്ടി വെള്ളം ശക്തമായി പുറത്തേക്ക് ചീറ്റിത്തെറിച്ചതോടെ മണ്ണിടിഞ്ഞു. ചെളിവെള്ളത്തില്‍നിന്ന് രക്ഷപ്പെടാനാവാതെ ശ്വാസംമുട്ടിയാണ് തൊഴിലാളികള്‍ മരിച്ചത്. കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
പിന്നീട് അഗ്‌നിശമനസേനയും പോലീസും മണ്ണുനീക്കിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹങ്ങള്‍ വെന്‍ലോക് ആശുപത്രിയിലേക്ക് മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























