കര്‍ണാടക ഉപതെരെഞ്ഞെടുപ്പ് രണ്ടു സീറ്റും കോണ്‍ഗ്രസ് തൂത്തുവാരി; നടി രമ്യ മാണ്ഡ്യയില്‍ നിന്ന് വിജയിച്ചു
കര്‍ണാടകയില്‍ ലോക്സഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് ജയം. ജനതാദള്‍- എസിന്റെ കോട്ടയെന്ന് അറിയപ്പെടുന്ന ബാംഗളൂര്‍ റൂറലിലും മാണ്ഡ്യയിലുമാണ് കോണ്‍ഗ്രസ് വന്‍ വിജയം നേടിയത്. ബാംഗളൂര്‍ റൂറലില്‍ ഡി.കെ സുരേഷാണ് ജയിച്ചത്. ഒരു ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്കാണ് മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ഭാര്യ അനിതയെ സുരേഷ് തോല്‍പ്പിച്ചത്. കോണ്‍ഗ്രസ് എം.എല്‍.എ ഡി.കെ. ശിവകുമാറിന്റെ സഹോദരനാണ് സുരേഷ്.
മാണ്ഡ്യയില്‍ കന്നഡ സിനിമാ നടി രമ്യയാണ് അട്ടിമറി വിജയം നേടിയത്. അരലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്കാണ് ജെഡി-എസ് സ്ഥാനാര്‍ഥി സി.എസ്.പുട്ടരാജുവിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു രമ്യ തറപറ്റിച്ചത്. ഇനി പതിനഞ്ചാം ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.പിയായിരിക്കും രമ്യ. മുപ്പതുകാരിയായ രമ്യ പതിനഞ്ചാംലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ ലക്ഷദ്വീപ് എം.പിയായ മുഹമ്മദ് ഹമ്ദുള്ള സയീദിനേക്കാളും ഏഴ് മാസം ഇളയതാണ്. 1982 ഏപ്രില്‍ 11നാണ് മുഹമ്മദ് സയീദ് ജനിച്ചത്. 1982 നവംബര്‍29നാണ് രമ്യയുടെ ജനനം. രമ്യയ്ക്ക് മുമ്പും നിരവധി പ്രായം കുറഞ്ഞ എം.പിമാര്‍ ലോക്സഭയില്‍ ഇടം നേടിയിട്ടുണ്ട്.
ഉപതെരഞ്ഞെടുപ്പുകളിലെ വിജയം മേയില്‍ അധികാരത്തിലേറിയ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കരുത്തുപകരുന്നതാണ്. ജെഡി-എസ് സ്ഥാനാര്‍ഥികള്‍ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് രണ്ടു സീറ്റുകളില്‍ ഉപ തെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പിയുടെയും യെദ്യൂരപ്പയുടെ കെ.ജെ.പിയുടെയും പിന്തുണയോടെയായിരുന്നു ജെഡി-എസ് മത്സരിച്ചത്.
https://www.facebook.com/Malayalivartha